കര്‍ഷക സമരത്തെ പിന്തുണയ്ക്കാന്‍ റിഹാന 18 കോടി വാങ്ങി?; പിന്നില്‍ പി ആര്‍ കമ്പനിയെന്ന റിപ്പോര്‍ട്ട്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th February 2021 04:00 PM  |  

Last Updated: 06th February 2021 04:00 PM  |   A+A-   |  

rihanna_support_farmers

കർഷകരുടെ ട്രാക്ടർ റാലി, റിഹാന


 

ന്യൂഡല്‍ഹി:  കര്‍ഷക പ്രതിഷേധത്തെ പിന്തുണച്ചുള്ള പ്രചാരണത്തിനായി യു എസ് പോപ് ഗായിക റിഹാനയ്ക്ക് പി ആര്‍ കമ്പനി കോടികള്‍ നല്‍കിയെന്ന് റിപ്പോര്‍ട്ട്. കാനഡ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഖലിസ്ഥാന്‍ ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന പിആര്‍ കമ്പനി   കര്‍ഷരെ പിന്തുണച്ച് ട്വീറ്റ് ചെയ്യാന്‍ റിഹാനയ്ക്ക് 2.5 മില്യണ്‍ ഡോളര്‍ ( ഏകദേശം 18 കോടി രൂപ) നല്‍കിയെന്ന് 'ദി പ്രിന്റ്' റിപ്പോര്‍ട്ട് ചെയ്തു.

കാനഡ ആസ്ഥാനമായ പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്‍ സ്ഥാപകനായ മോ ധലിവാള്‍ ഡയറക്ടറായ സ്‌കൈ റോക്കറ്റ് എന്ന പരസ്യ സ്ഥാപനമാണ് ഇതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. മോ ധലിവാളിന് പുറമേ സ്‌കൈ റോക്കറ്റുമായി ബന്ധമുള്ള പിആര്‍ മാനേജറായ മരിയ പാറ്റേഴ്സണ്‍, കാനഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലോക സിഖ് ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ അനിത ലാല്‍, ഇന്ത്യന്‍ വംശജനും കനേഡിയന്‍ പാര്‍ലമെന്റ് അംഗവുമായ ജഗ്മീത് സിങ് എന്നിവര്‍ക്കും ഗൂഢാലേചനയില്‍ പങ്കുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. 

കാനഡയില്‍ നിന്നുള്ള രാഷ്ട്രീയ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പിന്തുണയോടെയാണ് പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കര്‍ഷക പ്രതിഷേധത്തില്‍ സജീവമായി ഇടപെട്ടുകൊണ്ടിരിക്കുയാണെന്ന് കമ്പനിതന്നെ ഇവരുടെ വെബ്സൈറ്റില്‍ അവകാശപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ത്യുന്‍ബെ കര്‍ഷക സമരത്തെ എങ്ങനെ പിന്തുണ നല്‍കാമെന്ന് വിശദീകരിച്ച് ട്വീറ്റ് ചെയ്ത ടൂള്‍കിറ്റിന് പിന്നിലും സ്‌കൈ റോക്കറ്റാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച ഡല്‍ഹി പൊലീസിന്റെ അന്വേഷണം ഇവരിലേക്കും നീളുമെന്നും സൂചനയുണ്ട്. ടൂള്‍ കിറ്റിന്റെ വ്യക്തമായ ഉറവിടം കണ്ടെത്താന്‍ ഗൂഗിളിന്റെ സഹായവും പൊലീസ് തേടിയിട്ടുണ്ട്.