ശശികലയുടെ സ്വീകരണറാലിക്ക് പടക്കവുമായി വന്ന കാറുകള്‍ക്ക് തീപിടിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th February 2021 01:07 PM  |  

Last Updated: 08th February 2021 01:07 PM  |   A+A-   |  

Cars with firecrackers set on fire

ശശികലയുടെ റാലിക്കിടെ, പടക്കവുമായി വന്ന കാറുകള്‍ കത്തിനശിക്കുന്നു

 

ചെന്നൈ:  അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി കെ ശശികലയുടെ സ്വീകരണ റാലിക്കിടെ, പടക്കവുമായി വന്ന  രണ്ടു കാറുകള്‍ കത്തിനശിച്ചു. കൃഷ്ണഗിരി ടോള്‍ ഗേറ്റിന് സമീപമാണ് സംഭവം.

നാലുവര്‍ഷത്തെ ജയില്‍ വാസത്തിനും ആഴ്ചകള്‍ നീണ്ട കോവിഡ് ചികിത്സയ്ക്കും ശേഷം ബംഗളൂരുവില്‍ നിന്ന് ഇന്ന് രാവിലെയാണ് ശശികല ചെന്നൈയിലേക്ക് പുറപ്പെട്ടത്. വഴിനീളെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വീണ്ടും തമിഴക രാഷ്ട്രീയത്തെ ഇളക്കിമറിക്കാനാണ് ശശികല ശ്രമിക്കുന്നത്. അതിനിടെ കൃഷ്ണ ഗിരി ടോള്‍ ഗേറ്റിന് സമീപം സ്വീകരണം ഏറ്റുവാങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.

സ്വീകരണം ഏറ്റുവാങ്ങിയ ശേഷം ശശികലയുടെ വാഹന വ്യൂഹം മുന്നോട്ടുനീങ്ങവേ, പ്രവര്‍ത്തകരുടെ അമിതമായ ആഹ്ലാദപ്രകടനമാണ് അപകടത്തിന് കാരണം. കാറിലുണ്ടായിരുന്ന പടക്കം പൊട്ടിയാണ് അപകടം ഉണ്ടായത്. ആര്‍ക്കും ആളപായമില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈസമയത്ത് അഞ്ഞൂറോളം പ്രവര്‍ത്തകര്‍ സ്ഥലത്ത് ഉണ്ടായിരുന്നു. മാലയിട്ടും മറ്റു ശശികലയെ സ്വീകരിക്കുന്നതിനിടെയാണ് പടക്കം പൊട്ടിച്ചുള്ള ആഹ്ലാദ പ്രകടനം. അതിനിടെ ശശികലയുടെ വാഹനവ്യൂഹം യാത്ര തുടര്‍ന്നു.

ബംഗളൂരുവില്‍ നിന്ന്് അണ്ണാ ഡിഎംകെയുടെ കൊടി വച്ച കാറിലാണ് ശശികലയുടെ നാട്ടിലേക്കുള്ള മടങ്ങിവരവ്. വഴിമധ്യേ കൊടി മാറ്റാന്‍ പൊലീസ് ആവശ്യപ്പെട്ടത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കി. അണ്ണാ ഡിഎംകെ പ്രവര്‍ത്തകരും കൊടി മാറ്റാന്‍ ആവശ്യപ്പെട്ടു. അതിനിടെ അഭിഭാഷകരും പൊലീസുകാരും തമ്മില്‍ തര്‍ക്കം ഉടലെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.