മന്‍മോഹന്‍ പറഞ്ഞത് മോദി നടപ്പാക്കി ; കോണ്‍ഗ്രസിന് അഭിമാനിക്കാമെന്ന് പ്രധാനമന്ത്രി

കാര്‍ഷിക നിയമങ്ങളില്‍ പോരായ്മകളുണ്ടെങ്കില്‍ മെച്ചപ്പെടുത്താം. ആവശ്യമില്ലാത്തവ ഒഴിവാക്കാമെന്ന് പ്രധാനമന്ത്രി
പ്രധാനമന്ത്രി  കര്‍ഷക സമരം രാജ്യസഭയില്‍ പ്രസംഗിക്കുന്നു / എഎന്‍ഐ ചിത്രം
പ്രധാനമന്ത്രി കര്‍ഷക സമരം രാജ്യസഭയില്‍ പ്രസംഗിക്കുന്നു / എഎന്‍ഐ ചിത്രം

ന്യൂഡല്‍ഹി : കര്‍ഷക സമരത്തെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ഷക സമരത്തെക്കുറിച്ച് ചര്‍ച്ച നടന്നു. എന്നാല്‍ സമരം എന്തിന് വേണ്ടിയെന്ന് ആരും പറയുന്നില്ല. കൃഷിമന്ത്രിയുടെ ചോദ്യങ്ങള്‍ക്ക് ആരും മറുപടി നല്‍കുന്നില്ല. കാര്‍ഷികരംഗത്ത് മാറ്റം അനിവാര്യമാണ്. കര്‍ഷകര്‍ സമരം അവസാനിപ്പിക്കണമെന്നും രാജ്യസഭയില്‍ നന്ദിപ്രമേയ ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.

ചന്തകളിലെ മാറ്റം ആദ്യം നിര്‍ദേശിച്ചത് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങാണ്. രാജ്യമൊട്ടാകെ ഒറ്റ ചന്തയാക്കണമെന്നാണ് മന്‍മോഹന്‍സിങ്ങ് പറഞ്ഞത്. മന്‍മോഹന്‍ പറഞ്ഞതാണ് മോദി നടപ്പാക്കിയത്. അതില്‍ കോണ്‍ഗ്രസിന് അഭിമാനിക്കാം. നിയമങ്ങളെ കോണ്‍ഗ്രസും പവാറും പിന്തുണച്ചിരുന്നു. എന്നാൽ പിന്നീട് യു ടേൺ എടുത്തെന്നും മോദി കുറ്റപ്പെടുത്തി. പരിഷ്‌കരണങ്ങള്‍ കൊണ്ടു വരുന്നവരെല്ലാം ഇടതുപക്ഷക്കാര്‍ക്ക് അമേരിക്കന്‍ ഏജന്റുമാരാണെന്നും മോദി വിമര്‍ശിച്ചു. 

കര്‍ഷകര്‍ സമരത്തില്‍ നിന്നും പിന്മാറണം. കാര്‍ഷിക നിയമങ്ങളില്‍ പോരായ്മകളുണ്ടെങ്കില്‍ മെച്ചപ്പെടുത്താം. ആവശ്യമില്ലാത്തവ ഒഴിവാക്കാം. ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു. താങ്ങുവില മുമ്പ് മുതലേ ഉണ്ട്. ഇപ്പോഴും ഉണ്ട്. അത് ഇനിയും തുടരുമെന്നും മോദി പറഞ്ഞു. ഒരുമിച്ച് മുന്നോട്ടുപോകാം. നല്ല നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ സ്വീകരിക്കും. പ്രതിഷേധക്കാരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

ബുദ്ധിജീവികളെപ്പോലെ സമരജീവികളുമുണ്ട്. പ്രക്ഷോഭ ജീവികള്‍ എന്ന പുതിയ വിഭാഗം ഉടലെടുത്തിരിക്കുന്നു. ഇവര്‍ക്ക് സമരനിക്ഷേപങ്ങളുമുണ്ട്. എല്ലാ മേഖലയിലും കര്‍ട്ടന് മുന്നിലും പിന്നിലും ഇവരുണ്ട്. എവിടെയും സമരരംഗത്ത് ഇവര്‍ വരും. ഇവരെ തിരിച്ചറിയണം. തെറ്റിദ്ധരിപ്പിക്കുന്നതിലൂടെ ആര്‍ക്കും ലാഭമുണ്ടാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. 'ഫോറിന്‍ ഡിസ്ട്രക്ടീവ് ഐഡിയോളജി' എന്നാണ് ഇവരെ മോദി വിശേഷിപ്പിച്ചത്. 

ഈ 'എഫ്ഡിഐ'യില്‍ നിന്നും രാജ്യത്തെ രക്ഷിക്കണം. സമരജീവികള്‍ രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് വിലങ്ങുതടിയാണെന്ന് മോദി പറഞ്ഞു. മാറ്റം അനിവാര്യമാണ്. പരിഷ്‌കരണം നടപ്പാക്കില്ലെന്ന് വാശിപിടിക്കരുത്. കാര്‍ഷിക പരിഷ്‌കരണം അനിവാര്യമാണ്. കാത്തുനില്‍ക്കാന്‍ സമയമില്ല. പരിഷ്‌കരണം കൊണ്ടുവരുന്നതിന്റെ പേരില്‍ ചീത്തവിളി കേള്‍ക്കാന്‍ തയ്യാറാണ്. കര്‍ഷകര്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. പ്രായമായ സമരക്കാര്‍ വീടുകളിലേക്ക് മടങ്ങിപ്പോകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. 


കര്‍ഷകരെ വിശ്വാസത്തില്‍ എടുത്താണ് കേന്ദ്രസര്‍ക്കാര്‍ നിയമം പാസ്സാക്കിയത്. ചെറുകിട കര്‍ഷകര്‍ വഞ്ചിക്കപ്പെടുകയാണ്. 12 കോടിയോളം കര്‍ഷകര്‍ക്ക് വളരെ കുറച്ച് ഭൂമി മാത്രമാണുള്ളത്. ബാങ്ക് വായ്പയും ആനുകൂല്യങ്ങളും ചെറുകിട കര്‍ഷകന് ലഭിക്കുന്നില്ല. വിള ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആനുകൂല്യം ചെറുകിട കര്‍ഷകര്‍ക്ക് ലഭിച്ചു. സര്‍ക്കാര്‍ നയങ്ങളുടെ കേന്ദ്രബിന്ദു ചെറുകിട കര്‍ഷകരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com