പട്ടിണിക്ക് മേല്‍ ബിസിനസ് വേണ്ട; അത്തരക്കാരെ രാജ്യത്ത് നിന്ന് പുറത്താക്കും: മോദിയ്ക്ക് മറുപടിയുമായി രാകേഷ് ടികായത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th February 2021 05:57 PM  |  

Last Updated: 08th February 2021 05:57 PM  |   A+A-   |  

rakesh_tikait

രാകേഷ് ടികായത്/ പിടിഐ

 

ന്യൂഡല്‍ഹി: കര്‍ഷക സമരത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജ്യസഭ പ്രസംഗത്തിന് മറുപടിയുമായി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്. പട്ടിണിക്ക് മുകളിലുള്ള ബിസിനസ്സ് രാജ്യത്ത് അനുവദിക്കില്ല എന്ന് അദ്ദേഹം പറഞ്ഞു.

ഉത്പ്പന്നങ്ങള്‍ക്ക് താങ്ങുവില ഉറപ്പാക്കുന്നതിനായി നിയമം കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാതെ സമരം അവസനാപ്പിക്കില്ലെന്ന നിലപാടും അദ്ദേഹം ആവര്‍ത്തിച്ചു.

ജനങ്ങളുടെ പട്ടിണിയെക്കാള്‍ ബിസിനസ് ആഗ്രഹിക്കുന്നവരെ രാജ്യത്ത് നിന്ന് പുറത്താക്കും. താങ്ങുവില നിയമം രൂപീകരിക്കണമെന്നാണ് തങ്ങള്‍ പറഞ്ഞത്. അത്തരമൊരു നിയമം കൊണ്ടുവന്നാല്‍ രാജ്യത്തെ എല്ലാ കര്‍ഷകര്‍ക്കും പ്രയോജനം ലഭിക്കും. നിലവില്‍ താങ്ങുവില നിയമമില്ലാത്തതിനാല്‍ കച്ചവടക്കാര്‍ കര്‍ഷകരെ കൊള്ളയടിക്കുകയാണെന്നും ടികായത്ത് പറഞ്ഞു.

കര്‍ഷകരെ വിശ്വാസത്തില്‍ എടുത്താണ് കേന്ദ്രസര്‍ക്കാര്‍ നിയമം പാസ്സാക്കിയത് എന്നായിരുന്നു രാജ്യസഭയില്‍ പ്രധാനമന്ത്രിയുടെ അവകാശവാദം.
ചെറുകിട കര്‍ഷകര്‍ വഞ്ചിക്കപ്പെടുകയാണ്. 12 കോടിയോളം കര്‍ഷകര്‍ക്ക് വളരെ കുറച്ച് ഭൂമി മാത്രമാണുള്ളത്. ബാങ്ക് വായ്പയും ആനുകൂല്യങ്ങളും ചെറുകിട കര്‍ഷകന് ലഭിക്കുന്നില്ല. വിള ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആനുകൂല്യം ചെറുകിട കര്‍ഷകര്‍ക്ക് ലഭിച്ചു. സര്‍ക്കാര്‍ നയങ്ങളുടെ ആധാരം ചെറുകിട കര്‍ഷകരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.കര്‍ഷക കുടുബത്തില്‍ ജനിച്ച മുന്‍ പ്രധാനമന്ത്രി ദേവഗൗഡ, കാര്‍ഷികരംഗത്തെ പരിഷ്‌കരണങ്ങളെ പിന്തുണയ്ക്കുന്നുവെന്നും മോദി പറഞ്ഞു.