കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് ശനിയാഴ്ച മുതല്‍ ; രാജ്യത്തെ രോഗികളില്‍ 71 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലും

രാജ്യത്തെ കോവിഡ് രോഗബാധിതരില്‍ ബഹുഭൂരിപക്ഷവും കേരളം മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ്
കോവിഡ് വാക്‌സിന്‍, രാജേഷ് ഭൂഷണ്‍ / ഫയല്‍ ചിത്രം
കോവിഡ് വാക്‌സിന്‍, രാജേഷ് ഭൂഷണ്‍ / ഫയല്‍ ചിത്രം

ന്യൂഡല്‍ഹി : കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് ശനിയാഴ്ച മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ആദ്യഘട്ടത്തില്‍ ഇതുവരെ 63,10,194 ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്‍നിര പോരാളികള്‍ക്കും വാക്‌സിന്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ അറിയിച്ചു. 

ഇതുവരെ വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിയാതെ പോയ ആരോഗ്യപ്രവര്‍ത്തകര്‍ക്കെല്ലാം ഫെബ്രുവരി 24 നകം വാക്‌സിന്‍ ലഭ്യമാക്കി എന്ന് ഉറപ്പു വരുത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി. പൊലീസ് അടക്കമുള്ള മുന്‍നിര പ്രവര്‍ത്തകര്‍ക്ക് മാര്‍ച്ച് ഒന്നിനകം വാക്‌സിന്‍ ലഭിച്ചെന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. 

വാക്‌സിനേഷന്‍ ലഭിക്കാത്ത മുന്‍നിര പ്രവര്‍ത്തകര്‍ ഉണ്ടെങ്കില്‍ മാര്‍ച്ച് 6 ന് അകം വാക്‌സിന്‍ ലഭിച്ചു എന്ന് ഉറപ്പുവരുത്തണം. കോവിഡ് വാക്‌സിനേഷന്‍ അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകാന്‍ അനുവദിക്കാനാകില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയ സെക്രട്ടറി വ്യക്തമാക്കി.

രാജ്യത്ത് നിലവില്‍ ചികില്‍സയിലുള്ള കോവിഡ് രോഗികള്‍ 3.12 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ആകെ 1.08 കോടി പേരാണ് കോവിഡ് ബാധിതരായത്. ഇതില്‍ 1.43 ലക്ഷം പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. 

1.55 ലക്ഷം പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. മരണ നിരക്ക് 1.43 ശതമാനമാണ്. കഴിഞ്ഞ ഒരാഴ്ചയായി ഇത് 0.82 ശതമാനമാണ്. കോവിഡ് മരണനിരക്ക് 10 ലക്ഷത്തില്‍ 112 ആയി ചുരുങ്ങി.

രാജ്യത്തെ കോവിഡ് രോഗബാധിതരില്‍ ബഹുഭൂരിപക്ഷവും കേരളം മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ്. 71 ശതമാനമാണ് ഈ സംസ്ഥാനങ്ങളിലെ രോഗബാധിതര്‍. രോഗികളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ള കേരളത്തില്‍ 65,670 പേരാണ് ഇപ്പോള്‍ ചികില്‍സയിലുള്ളത്. മഹാരാഷ്ട്രയില്‍ 35,991 പേരാണ് ചികില്‍സയില്‍ ഉള്ളതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com