ഉത്തരാഖണ്ഡ് മിന്നൽ പ്രളയം; 26 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി; 197 പേരെ കാണാനില്ല

ഉത്തരാഖണ്ഡ് മിന്നൽ പ്രളയം; 26 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി; 197 പേരെ കാണാനില്ല
ഉത്തരാഖണ്ഡിലെ തപോവൻ ടണലിൽ നടക്കുന്ന രക്ഷാപ്രവർത്തനം/ എഎൻഐ
ഉത്തരാഖണ്ഡിലെ തപോവൻ ടണലിൽ നടക്കുന്ന രക്ഷാപ്രവർത്തനം/ എഎൻഐ

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമലയിടിഞ്ഞുണ്ടായ മിന്നൽ പ്രളയത്തിൽപ്പെട്ട 26 പേരുടെ മൃതദേഹങ്ങൾ കിട്ടി. രുദ്രപ്രയാഗ് മേഖലയിൽ നിന്നാണ് ഭൂരിഭാ​ഗം മൃതദേഹങ്ങളും കണ്ടെത്തിയത്. 32 പേരെ രക്ഷപ്പെടുത്തി.

ദുരന്തത്തിൽ കാണാതായവരുടെ എണ്ണത്തിൽ അവ്യക്തത നിലനിൽക്കുകയാണ്. 171 പേരെ കാണാതായി എന്ന് പൊലീസ് പറയുമ്പോൾ 197 പേരെ കുറിച്ച് ഇപ്പോഴും വിവരമില്ലെന്നാണ് സംസ്ഥാന ദുരന്ത നിവാരണ സേന വ്യക്തമാക്കുന്നത്. 35 പേർ ഇപ്പോഴും ടണലിൽ കുടങ്ങിക്കിടക്കുന്നതായും അവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണെന്നും അധിക‌ൃതർ വ്യക്തമാക്കി.

ഋഷിഗംഗ പവർ പ്രൊജക്ടിന്റെ ഭാഗമായിട്ടുളള 900 മീറ്റർ നീളമുളള തുരങ്കത്തിലും വിഷ്ണുഗഡ് പവർ പ്രൊജക്ടിന്റെ ഭാഗമായിട്ടുളള രണ്ടര കിലോമീറ്റർ നീളമുളള തുരങ്കത്തിലുമാണ് ഇപ്പോൾ രക്ഷാപ്രവർത്തനം നടക്കുന്നത്. ഇവയ്ക്കകത്ത് മണ്ണും ചെളിയും അടിഞ്ഞുകൂടിയത് രക്ഷാപ്രവർത്തനത്തെ ദുഷ്കരമാക്കുന്നു. ജെസിബി ഉപയോഗിച്ച് ഇവ നീക്കം ചെയ്യാൻ ശ്രമിച്ചെങ്കിലും കുടുങ്ങിക്കിടക്കുന്ന ആളുകൾ ഉളള ഭാഗത്തേക്ക് എത്താൻ സാധിച്ചിട്ടില്ല. 

ഡോഗ് സ്‌ക്വാഡ് ഉൾപ്പടെ തിരച്ചിലിനായി രംഗത്തുണ്ട്. കരസേനയും ഐടിബിപിയും എൻഡിആർഎഫും എസ്ഡിആർഎഫും ഉൾപ്പെട്ട സംഘം രാപകലില്ലാതെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com