50ലേറെ സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; ശല്യം ചെയ്യല്‍ പതിവാക്കി; 19കാരന്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th February 2021 09:01 PM  |  

Last Updated: 10th February 2021 09:01 PM  |   A+A-   |  

478435-mobile-operators

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി: സമൂഹമാധ്യമത്തിലൂടെ പെണ്‍കുട്ടികളെയും സ്ത്രീകളെയും ഉള്‍പ്പടെ 50 ലേറെ പേരെ ശല്യം ചെയ്ത 19 കാരന്‍ അറസ്റ്റില്‍. വ്യാജ ഐഡിയിലൂടെയാണ് യുവാവ് ഇത്തരം മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഫരീദാബാദില്‍ നിന്നാണ് റഹിം ഖാന്‍ പിടിയിലായത്.

എട്ടാം ക്ലാസ് വരെ പഠിച്ച ഇയാള്‍ വിവിധ മോര്‍ഫിങ് ആപ്ലിക്കേഷന്‍ ഉപയോഗിച്ചതായി പൊലീസ് കണ്ടെത്തി. സമൂഹമാധ്യമങ്ങളില്‍ ഇയാള്‍ 50ലധികം പേരെ ഉപദ്രവിച്ചതായും പൊലീസ് പറഞ്ഞു. ഒരു സ്ത്രീയുടെ പേരില്‍ വ്യാജ അക്കൗണ്ട് തുടങ്ങി സ്ത്രീകള്‍ക്ക് ലൈംഗികച്ചുവയോടെയുള്ള മെസേജ് അയക്കലും പതിവായിരുന്നെന്നും പൊലീസ് പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ചിത്രങ്ങളും ഇയാള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതായും പൊലീസ് പറഞ്ഞു

കഴിഞ്ഞ ദിവസമാണ് പ്രതിയ്‌ക്കെതിരെ ആര്‍പി പുരം പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സൈബര്‍ പൊലീസിന്റെ സഹായത്തോടെ പ്രതിയുടെ ലൊക്കേഷന്‍ കണ്ടെത്തി. ഹരിയാനയിലെ ഫരീദാബാദില്‍ വച്ചാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായും 50ലേറെ പേരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതായും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഇയാളുടെ ഫോണില്‍ നിന്ന് മോര്‍ഫ് ചെയ്ത നിരവധി ചിത്രങ്ങള്‍ പൊലീസ് കണ്ടെടുത്തു. കുടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.