ഫെബ്രുവരി 26ന് ഭാരത് ബന്ദിന് ആഹ്വാനം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th February 2021 04:52 PM  |  

Last Updated: 10th February 2021 04:52 PM  |   A+A-   |  

Bharat Bandh on 26 Feb

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി: ചരക്കുസേവന നികുതിയിലെ സങ്കീര്‍ണതകള്‍ പരിഹരിച്ച് ലളിതമാക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികളുടെ ദേശീയ സംഘടനയായ കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് ഫെബ്രുവരി 26ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. വാഹന ഗതാഗത രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ സംഘടനായ ഓള്‍ ഇന്ത്യ ട്രാന്‍സ്‌പോര്‍ട്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ബന്ദിന്റെ ഭാഗമായി റോഡ് ഉപരോധിക്കുമെന്ന് കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് പ്രസ്താവനയില്‍ അറിയിച്ചു.

ചരക്കുസേവന നികുതി സങ്കീര്‍ണതകള്‍ നിറഞ്ഞ നികുതി ഘടനയാണ്. വ്യാപാരികള്‍ക്ക് ദുരിതം മാത്രമാണ് ഇത് സമ്മാനിക്കുന്നതെന്ന് കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് പ്രസ്താവനയില്‍ പറഞ്ഞു. കഷ്ടപ്പാടുകള്‍ വ്യക്തമാക്കി ജിഎസ്ടി കൗണ്‍സിലിലിന് നിരവധി പരാതികള്‍ നല്‍കിയിട്ടും ഇതുവരെ പ്രതികരിച്ചിട്ടില്ല. ജിഎസ്ടി കൗണ്‍സില്‍ സ്വന്തം അജന്‍ഡയുമായി മുന്നോട്ടുപോകുന്നു എന്ന തോന്നലാണ് ഇത് സൃഷ്ടിക്കുന്നത്. വ്യാപാരികളുടെ സഹകരണം തേടുന്നതില്‍ കൗണ്‍സില്‍ ഒരു വിധത്തിലുള്ള താതപര്യവും കാണിക്കുന്നില്ലെന്നും വ്യാപാരി സംഘടന കുറ്റപ്പെടുത്തി. ഒരു രാജ്യം ഒരു നികുതി എന്ന പേരില്‍ ആരംഭിച്ച ചരക്കുസേവനനികുതിയില്‍ നിരവധി അപാകതകള്‍ ഉണ്ട്. നികുതി ഘടന ലളിതവത്കരിക്കുന്നതിന് കൗണ്‍സില്‍ ഒരു വിധത്തിലുള്ള നടപടികളും സ്വീകരിക്കുന്നില്ലെന്നും സംഘടന പ്രസ്താവനയില്‍ വ്യക്തമാക്കി. കൗണ്‍സിലിന്റെ വ്യാപാരി വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചാണ് ബന്ദ് നടത്താന്‍ തീരുമാനിച്ചതെന്നും സംഘടന അറിയിച്ചു.

എങ്ങനെ കൂടുതല്‍ വരുമാനം ഉണ്ടാക്കാം എന്ന ഒറ്റ ചിന്ത മാത്രമാണ് കൗണ്‍സിലിന്. രാജ്യത്തെ വ്യാപാരരംഗത്തെ യാഥാര്‍ഥ്യങ്ങള്‍ മനസിലാക്കാതെ വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന നിലപാടാണ് കൗണ്‍സില്‍ സ്വീകരിക്കുന്നതെന്നും കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് കുറ്റപ്പെടുത്തി.