കോവിഡ് മരണത്തില്‍ രാജ്യത്ത് രണ്ടാമത്; രോഗികള്‍ ഏറ്റവുമധികം കേരളത്തില്‍, ആശങ്ക

രാജ്യത്ത് കോവിഡ് വ്യാപനവും മരണനിരക്കും ഏറ്റവുമധികമുള്ള സംസ്ഥാനങ്ങളില്‍ കേരളം മുന്നില്‍
കോവിഡ് പരിശോധന/ഫയല്‍ ചിത്രം
കോവിഡ് പരിശോധന/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനവും മരണനിരക്കും ഏറ്റവുമധികമുള്ള സംസ്ഥാനങ്ങളില്‍ കേരളം മുന്നില്‍. പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് മരണങ്ങളില്‍ കേരളം രണ്ടാമതാണ്. മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. 35 മരണമാണ് ഇന്നലെ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍ ഇത് 19 ആണ്. ഈ രണ്ടു സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങളിലാണ് രാജ്യത്തെ കോവിഡ് മരണങ്ങളില്‍ 81 ശതമാനവും റിപ്പോര്‍ട്ട് ചെയ്തതെന്ന് കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ചികിത്സയിലുള്ളവരുടെ എണ്ണത്തിലും പുതിയ കോവിഡ് കേസുകളുടെ കാര്യത്തിലും കേരളമാണ് ഒന്നാമത്. ചികിത്സയിലുള്ളവരില്‍ 45 ശതമാനവും കേരളത്തില്‍ നിന്നാണ്. മഹാരാഷ്ട്രയാണ് രണ്ടാമത്. 25 ശതമാനം പേരാണ് മഹാരാഷ്ട്രയില്‍ ചികിത്സയില്‍ കഴിയുന്നത്. കര്‍ണാടക, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍. പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ കൂടുതലും കേരളത്തില്‍ നിന്നാണ്. ഇന്നലെ 5214 പേര്‍്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര, തമിഴ്‌നാട്, ബിഹാര്‍, കര്‍ണാടക, ഗുജറാത്ത് എന്നി സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 2515 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്.

രോഗമുക്തിയിലും കേരളം മുന്നിട്ട് നില്‍ക്കുന്നതാണ് നേരിയ ആശ്വാസം നല്‍കുന്നത്. ഇന്നലെ മാത്രം 6475 പേരാണ് രോഗമുക്തി നേടിയത്. രണ്ടാമത് പതിവ് പോലെ മഹാരാഷ്ട്ര തന്നെയാണ്. കര്‍ണാടക, തമിഴ്‌നാട്, ഗുജറാത്ത് സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍. 

രാജ്യത്ത് കോവിഡ് വ്യാപനം കുറയുകയാണ് എന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ചികിത്സയിലുള്ളവര്‍ 1.41 ലക്ഷമായി താഴ്ന്നു. 33 സംസ്ഥാന, കേന്ദ്ര ഭരണപ്രദേശങ്ങളില്‍ ചികിത്സയിലുള്ളവര്‍ 5000ല്‍ താഴെയാണ്. 24 മണിക്കൂറിനിടെ 19 സംസ്ഥാന, കേന്ദ്ര ഭരണപ്രദേശങ്ങളില്‍ ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുവരെ രാജ്യത്ത് 66 ലക്ഷത്തിലധികം പേര്‍ക്കാണ് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com