മഞ്ഞുമല ദുരന്തം മത്സ്യങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞോ?, വെള്ളം വെള്ളി നിറമായി, മീനുകളെ പാത്രങ്ങളില്‍ കോരിയെടുത്ത് ഗ്രാമീണര്‍, കൗതുക കാഴ്ചകള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th February 2021 03:48 PM  |  

Last Updated: 10th February 2021 03:48 PM  |   A+A-   |  

Fish may have anticipated incoming floods, say experts

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ ദുരന്തത്തിന് തൊട്ടുമുന്‍പ് അളകനന്ദ നദിയിലെ മത്സ്യങ്ങളില്‍ അസാധാരണമായ പെരുമാറ്റം ദൃശ്യമായതായി റിപ്പോര്‍ട്ട്. ഇത് പ്രകൃതിക്ഷോഭം മുന്‍കൂട്ടി കാണാന്‍ മത്സ്യങ്ങള്‍ക്ക് കഴിവുണ്ടെന്നതിന്റെ തെളിവാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ഞായറാഴ്ചയാണ്  മഞ്ഞുമല ഇടിഞ്ഞ് നിരവധിപ്പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തം സംഭവിച്ചത്. ഇതിന് മുന്‍പ് അളകനന്ദ നദിയില്‍ ചാകര എന്ന പോലെ മീനുകള്‍ ഒരു പ്രദേശത്ത് കൂട്ടം കൂടിയതായി നാട്ടുകാര്‍ പറയുന്നു. വെള്ളത്തിന് വെള്ളിയുടെ നിറം നല്‍കുന്ന നിലയിലായിരുന്നു മീനുകള്‍ കൂട്ടംകൂടിയത്. ലാസുവിലെ ഗ്രാമവാസികള്‍ ബക്കറ്റിലും മറ്റുമായി എത്തി മീനുകളെ കൂട്ടത്തോടെയാണ് പിടിച്ചു കൊണ്ടുപോയത്. വല പോലും ഉപയോഗിക്കാന്‍ വേണ്ടി വന്നില്ല എന്നതാണ് രസകരമായ സംഭവമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രകൃതിദുരന്തം മുന്‍കൂട്ടി കാണാന്‍ മീനുകള്‍ക്കുള്ള കഴിവാണ് ഇത് തെളിയിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.

അളകനന്ദയില്‍ മാത്രമല്ല, ദൗലി ഗംഗ താഴോട്ട് ഒഴുകുന്ന പ്രദേശങ്ങളായ നന്ദ പ്രയാഗ്, കര്‍ണ പ്രയാഗ്, തുടങ്ങിയ പ്രദേശങ്ങളിലും അപൂര്‍വ്വ ദൃശ്യങ്ങള്‍ക്ക് നാട്ടുകാര്‍ സാക്ഷിയായി. കാര്‍പ്പ്, മഷീര്‍ തുടങ്ങിയ ഇനത്തില്‍പ്പെട്ട മീനുകളാണ് കൂട്ടമായി എത്തിയത്. അടിത്തട്ടിലേക്ക് പോകാതെ ഉപരിതലത്തിലാണ് മീനുകള്‍ കൂട്ടമായി എത്തിയത്.

പുഴയുടെ തീരങ്ങളിലാണ് ഇവയെ കൂട്ടത്തോടെ കണ്ടത്. മഞ്ഞുമല ഇടിയുന്നതിന് മുന്‍പ് ഉപരിതലത്തില്‍ ഉണ്ടായ പ്രകമ്പനങ്ങളാകാം മീനുകളുടെ വിചിത്ര പെരുമാറ്റത്തിന് കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.വെള്ളപ്പൊക്കത്തിന് മുന്‍പ് ഉണ്ടാകുന്ന ശബ്ദവീചികള്‍ പിടിച്ചെടുക്കാന്‍ മീനിന് സവിശേഷ കഴിവുണ്ടെന്നും ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു.