മുത്തലാഖ് നിയമം കൊണ്ടുവന്നത് ആരും പറഞ്ഞിട്ടല്ല, അതുപോലെയാണ് കാര്‍ഷിക നിയമങ്ങളുമെന്ന് മോദി; ലോക്‌സഭ ബഹിഷ്‌കരിച്ച് കോണ്‍ഗ്രസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th February 2021 05:36 PM  |  

Last Updated: 10th February 2021 05:42 PM  |   A+A-   |  

modi_parliament

പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ സംസാരിക്കുന്നു/ചിത്രം: ലോക്‌സഭ ടിവി

 

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങളെ ലോക്‌സഭില്‍ വീണ്ടും ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രസംഗത്തിലാണ് നിയമങ്ങളെ മോദി ന്യായീകരിച്ചത്. കര്‍ഷക സമരം തെറ്റിദ്ധാരണ കൊണ്ടാണെന്ന് മോദി പറഞ്ഞു. 

മുത്തലാഖ് നിരോധന നിയമം കൊണ്ടുവന്നത് ആരും ആവശ്യപ്പെട്ടിട്ടില്ല. അത് രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയാണ്. അതുപോലെയാണ് കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ സഭ ബഹിഷ്‌കരിച്ചു. 

'സര്‍ക്കാര്‍ സമരം ചെയ്യുന്ന കര്‍ഷകരെ ബഹുമാനിക്കുന്നു. അതുകൊണ്ടാണ് മന്ത്രിമാര്‍ അവരുമായി ചര്‍ച്ച നടത്തുന്നത്.' എന്ന് മോദി പറഞ്ഞു. ഇതിന് പിന്നാലെ പ്രതിഷേധം ഉയര്‍ത്തി കോണ്‍ഗ്രസ് അംഗങ്ങള്‍ സഭ ബഹിഷ്‌കരിക്കുകയായിരുന്നു. 

കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്നതിന് ശേഷം ഒരു മണ്ഡിപോലും അടച്ചിട്ടില്ലെന്ന് പറഞ്ഞ മോദി, താങ്ങുവില എടുത്തു കളയില്ലെന്ന വാദവും ആവര്‍ത്തിച്ചു.