'കുറഞ്ഞത് ഗള്‍ഫിലുള്ള കൂട്ടുകാരോടെങ്കിലും ചോദിക്കണമായിരുന്നു'; രാജ്യത്ത് ഇന്ധനവില സര്‍വകാല റെക്കോര്‍ഡിലാണ് എന്ന വാദം തെറ്റെന്ന് കേന്ദ്രം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th February 2021 02:45 PM  |  

Last Updated: 10th February 2021 02:45 PM  |   A+A-   |  

PETROLEUM PRICE

കെ സി വേണുഗോപാല്‍, ധര്‍മ്മേന്ദ്ര പ്രധാന്‍

 

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില സര്‍വകാല റെക്കോര്‍ഡിലാണ് എന്ന വാദം തെറ്റെന്ന് കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ 300 ദിവസത്തിനിടെ 250 ദിവസവും ഇന്ധനവിലയില്‍ മാറ്റം ഉണ്ടായിട്ടില്ല. രാജ്യാന്തര വില നിര്‍ണയം അനുസരിച്ചാണ് രാജ്യത്തെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിശ്ചയിക്കുന്നതെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജ്യസഭയില്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാലിന് മറുപടിയായാണ് ധര്‍മ്മേന്ദ്ര പ്രധാന്‍ ഇന്ധനവില സര്‍വകാല റെക്കോര്‍ഡിലാണ് എന്ന വാദം തെറ്റാണെന്ന് പറഞ്ഞത്. നാട്ടില്‍ പെട്രോള്‍ വില ലിറ്ററിന് നൂറ് രൂപയിലേക്ക് എത്തി എന്ന് ഉദാഹരണമായി പറഞ്ഞാണ് ഇന്ധനവില വര്‍ധന വേണുഗോപാല്‍ സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. പെട്രോള്‍, ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡിലാണ്. എന്നാല്‍ രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില ഉയര്‍ന്ന നിലവാരത്തിലല്ല. രാജ്യത്ത് ഇന്ധനവില പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് വേണുഗോപാല്‍ ആവശ്യപ്പെട്ടതിന് മറുപടിയായാണ് ധര്‍മ്മേന്ദ്ര പ്രധാന്‍ രാജ്യത്ത് ഇന്ധനവില സര്‍വകാല റെക്കോര്‍ഡ് നിലവാരത്തില്‍ ആണ് എന്ന വാദം തെറ്റാണ് എന്ന് പറഞ്ഞത്.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില ബാരലിന് 61 ഡോളറില്‍ എത്തി നില്‍ക്കുകയാണ്. വേണുഗോപാലിന്റെ ജന്മനാടായ കേരളത്തില്‍ നിന്നുള്ള നിരവധി പേര്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്നുണ്ട്. സഭയില്‍ വരുന്നതിന് മുന്‍പ് കുറഞ്ഞത് ഗള്‍ഫില്‍ ഇന്ധനവില എത്രയാണെന്ന് കൂട്ടുകാരോട് ചോദിക്കാനെങ്കിലും വേണുഗോപാല്‍ തയ്യാറാവണമായിരുന്നുവെന്ന് ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു.

വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ്. നികുതിയാണ് പ്രശ്‌നം. വികസനത്തിന് വേണ്ടി കാലാകാലങ്ങളില്‍ കേന്ദ്രവും സംസ്ഥാനങ്ങളും പെട്രോളിയം ഉല്‍പ്പന്നങ്ങളിന്മേല്‍ നികുതി വര്‍ധിപ്പിച്ചു. ഇടയ്ക്ക് കേന്ദ്രം പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ എക്‌സൈസ് തീരുവ കുറച്ചിട്ടുണ്ട്. കഴിഞ്ഞ 300 ദിവസത്തിനിടെ 250 ദിവസവും എണ്ണവിലയില്‍ മാറ്റമില്ല. ഇതില്‍ നിന്ന് തന്നെ ഇന്ധനവില സര്‍വകാല റെക്കോര്‍ഡിലാണ് എന്ന വാദം തെറ്റാണെന്ന് മന്ത്രി പറഞ്ഞു.

രാജ്യാന്തരവിപണി വിലയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിശ്ചയിക്കുന്നത്. ഇന്ത്യ അസംസ്‌കൃത എണ്ണ ആവശ്യകതയുടെ 85 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. അതുകൊണ്ട് തന്നെ അവിടെ വില ഉയരുമ്പോള്‍ അത് ഇന്ത്യയില്‍ പ്രതിഫലിക്കും. അവിടെ വില കുറയുമ്പോള്‍ ഇവിടെ കുറയും. ഈ രീതിയിലാണ് വില നിര്‍ണയ സംവിധാനം ഒരുക്കിയിരിക്കുന്നത്. വില നിര്‍ണയിക്കാന്‍ വിതരണ കമ്പനികള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.