യുപിയില്‍ മദ്യക്കടത്ത് സംഘം പൊലീസുകാരനെ മര്‍ദിച്ച് കൊന്നു; എസ്‌ഐ ഗുരുതരാവസ്ഥയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th February 2021 09:04 AM  |  

Last Updated: 10th February 2021 09:04 AM  |   A+A-   |  

deadbody

പ്രതീകാത്മക ചിത്രം

ലക്നൗ: മദ്യമാഫിയയുടെ ആക്രമണത്തിൽ യുപിയിൽ പൊലീസ് കോൺസ്റ്റബിൾ മരിച്ചു. മറ്റൊരു പൊലീസ് ഉദ്യോ​ഗസ്ഥരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കസ്ഗഞ്ചിൽ നടന്ന സംഭവത്തിൽ പൊലീസ് കോൺസ്റ്റബിൾ ദേവേന്ദ്ര ആണ് കൊല്ലപ്പെട്ടത്. 

എസ് ഐ അശോക് കുമാർ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.  മദ്യക്കടത്ത് കേസുകളിലെ സ്ഥിരം പ്രതിയായ മോട്ടി എന്നയാളുടെ വസ്തുവകകൾ കണ്ടുകെട്ടുന്നതുമായി ബന്ധപ്പെട്ട് നോട്ടീസ് നൽകുന്നതിനായി പൊലീസ് എത്തിയപ്പോഴാണ് സംഭവം. എന്നാൽ മോട്ടിയുടെ അനുയായികൾ പൊലീസുകാരെ വളയുകയും വസ്ത്രങ്ങൾ വലിച്ചുകീറി ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. 

ഇവിടെ നിന്നും ഒരുവിധത്തിൽ രക്ഷപ്പെട്ട പൊലീസുകാർ മറ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ കൂടുതൽ പൊലീസ് സംഘം സ്ഥലത്തെത്തുകയും തെരച്ചിൽ ആരംഭിക്കുകയും ചെയ്തു. ഇതിനിടെയാണ് ഗുരുതര പരിക്കേറ്റ നിലയിൽ പൊലീസുകാരെ കണ്ടെത്തുന്നത്.
കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.