രണ്ടുലക്ഷം രൂപയ്ക്ക് വാങ്ങി; 19 കാരിയെ ഗര്‍ഭിണിയാക്കി; കുഞ്ഞുമായി മുങ്ങി; അറസ്റ്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th February 2021 01:38 PM  |  

Last Updated: 11th February 2021 01:38 PM  |   A+A-   |  

arrest- Kidnapping drama

പ്രതീകാത്മക ചിത്രം

 

റായ്പൂര്‍: രണ്ട് ലക്ഷം രൂപയ്ക്ക് യുവതിയെ വിറ്റ സംഭവത്തില്‍ ഒരുസ്ത്രീയുള്‍പ്പടെ രണ്ട് പേര്‍ അറസ്റ്റില്‍. മമ്ത അഗര്‍വാള്‍ എന്ന സ്ത്രീയുടെ നേതൃത്വത്തിലാണ് പെണ്‍കുട്ടിയെ കബളിപ്പിച്ച് വിറ്റത്.  ജോലി ലഭിക്കുമെന്ന പ്രതീക്ഷയില്‍ എത്തിയ പെണ്‍കുട്ടിയാണ് ഇരയാക്കപ്പെട്ടത്. 

പെണ്‍കുട്ടിയെ വാങ്ങിയ ആള്‍ പീഡനത്തിനിരയാക്കി ഗര്‍ഭിണിയാക്കി എന്നാണ് പരാതി. ഷെഫാലി, കേശവ് എന്നിവരുടെ സഹായത്തോടെയാണ് മമ്ത റാക്കറ്റ് നടത്തിയിരുന്നത്. ജോലി വാഗ്ദാനം ചെയ്ത് സംഘം ആദ്യം പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്് പ്രണയം നടിച്ച് കേശവ് പെണ്‍കുട്ടിയെ മധ്യപ്രദേശിലേക്ക് കൊണ്ടുപോയി.

മധ്യപ്രദേശിലെ റെയ്‌സണില്‍ ജോലി നല്‍കാമെന്നായിരുന്നു പെണ്‍കുട്ടിക്ക് ലഭിച്ച വാഗ്ദാനം. ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലും കേശവിനോടുള്ള പ്രണയത്തെ തുടര്‍ന്നും മാതാപിതാക്കളോട് പോലും വിവരം പറയാതെ പെണ്‍കുട്ടി കേശവിനൊപ്പം മധ്യപ്രദേശിലേക്ക് പോകുകയായിരുന്നു. അതേസമയം, മാതാപിതാക്കള്‍ കരുതിയത് മകള്‍ ഇഷ്ടപ്പെട്ടയാള്‍ക്കൊപ്പം പോയതാണെന്നായിരുന്നു. ഇതിനാല്‍ പൊലീസില്‍ പരാതിയും നല്‍കിയില്ല.

അവിടെ എത്തിയശേഷമാണ് ചതിക്കപ്പെട്ടതായി പെണ്‍കുട്ടി മനസിലാക്കിയത്്. ആദ്യം പെണ്‍കുട്ടിയെ വിവാഹം കഴിക്കുമെന്നറിയിച്ചെങ്കിലും റെയ്‌സണില്‍ എത്തിയ ശേഷമാണ് രണ്ട് ലക്ഷം രൂപ നല്‍കിയാണ് വാങ്ങിയതെന്ന കാര്യം കേശവ് പെണ്‍കുട്ടിയെ അറിയിക്കുന്നത്.ഇതിനിടയില്‍ നിരവധി തവണ പീഡനത്തിനിരയായ പെണ്‍കുട്ടി ഗര്‍ഭിണിയായി. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. രണ്ട് മാസത്തിന് ശേഷം കുഞ്ഞുമായി കേശവ് സ്ഥലത്തു നിന്നും മുങ്ങി.

തുടര്‍ന്ന് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തി അന്വേഷണത്തില്‍ പൊലീസ് കേശവിനെ കണ്ടെത്തി. കേശവിന്റെ കൂട്ടാളി ഷെഫാലിയുടെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തി.പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ മമ്ത അഗര്‍വാളിന് കൈമാറിയതായി കേശവ് സമ്മതിച്ചു. കേശവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മമ്ത അഗര്‍വാളിനായി അന്വേഷണം ആരംഭിച്ച പൊലീസ് ഇവരെ പിന്നീട് അറസ്റ്റ് ചെയ്തു.