പിഞ്ചുകുഞ്ഞുമായി ആ അമ്മ കാത്തിരിപ്പാണ്; മിന്നല്‍പ്രളയത്തിന് ശേഷം ഭര്‍ത്താവിനെ കാണാനില്ല; കണ്ണീരുണങ്ങാതെ യുവതി പറയുന്നു

ഞായറാഴ്ച ദിവസം ഭര്‍ത്താവ് വയലില്‍ ജോലിക്ക് പോയതാണെന്ന് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെയും എടുത്ത് കണ്ണീര്‍ തുടച്ച് കൊണ്ട് അവര്‍ പറയുന്നു
എഎന്‍ഐ ചിത്രം
എഎന്‍ഐ ചിത്രം

ചമോലി: നവജാത ശിശുവുമായി പുഷ്പ ഭര്‍ത്താവിനെ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാല് ദിവസങ്ങളായി. ഭര്‍ത്താവിനെ കുറിച്ച് യാതൊരുവിവരവുമില്ല. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുണ്ടായ മിന്നല്‍പ്രളയത്തെ തുടര്‍ന്ന് റെയ്്‌നി ഗ്രാമത്തിന് പുറംലോകവുമായുള്ള ബന്ധം പൂര്‍ണമായി വിച്ഛേദിക്കപ്പെട്ട അവസ്ഥയിലാണ്.

ഞായറാഴ്ച ദിവസം ഭര്‍ത്താവ് വയലില്‍ ജോലിക്ക് പോയതാണെന്ന് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെയും എടുത്ത് കണ്ണീര്‍ തുടച്ച് കൊണ്ട് അവര്‍ പറയുന്നു.നദിയ്ക്ക് വളരെ അടുത്തായിരുന്നു ജോലി ചെയ്തിരുന്നത്. ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നതിന് മുന്‍പെ ഭര്‍ത്താവിനെ കാണാതായെന്നും പുഷ്പ പറയുന്നു.

റെയ്‌നി ഉള്‍പ്പെടെ 12 ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. ഇവിടെയുള്ളവര്‍ക്ക് റേഷന്‍ ഉള്‍പ്പടെ ലഭ്യമാക്കുന്നത് ഹെലികോപ്റ്റര്‍ മാര്‍ഗമാണ്.  ഗ്രാമവുമായി ബന്ധപ്പെടുന്ന പാലം മിന്നല്‍പ്രളയത്തില്‍ പൂര്‍ണമായി ഒലിച്ചുപോയി. ഈ കുട്ടിയുമായി ഇനി എങ്ങനെ തനിക്ക അതിജീവിക്കാനാവും. ആര് ഞങ്ങളെ സംരക്ഷിക്കും. ഭാവിയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ പേടിയാവുന്നുവെന്ന് പുഷ്പ മാധ്യമങ്ങളോട് പറഞ്ഞു. 

2019നാണ് യശ്പാല്‍ പുഷ്പയെ വിവാഹം കഴിച്ചത്. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. പ്രളയമുണ്ടായ ദിവസം പുഷ്പയ്ക്കും അയല്‍ക്കാര്‍ക്കും ഭക്ഷണം ഉണ്ടായിരുന്നില്ല. പ്രളയം വീണ്ടും ഉണ്ടാവുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. ഇതുവരെ 32 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. തപോവന്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ 25-35 പേര്‍ ഉള്‍പ്പെടെ 206 പേരെ കാണാതായതായി അധികൃതര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com