മിന്നൽ പ്രളയത്തെ തുടർന്ന് ഉത്തരാഖണ്ഡിലെ ​ഗ്രാമത്തിന് മുകളിൽ തടാകം രൂപപ്പെടുന്നു; ജാ​ഗ്രത വേണമെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th February 2021 02:38 PM  |  

Last Updated: 12th February 2021 02:38 PM  |   A+A-   |  

Lake formed over village in Uttarakhand

മിന്നൽ പ്രളയമുണ്ടായ തപോവൻ മേഖല/ പിടിഐ

 

ഡെറാഡൂൺ: മഞ്ഞു മല ഇടിഞ്ഞുണ്ടായ മിന്നൽ പ്രളയത്തെ തുടർന്ന് ഉത്തരാഖണ്ഡിലെ ചമോലിയിൽ ​ഗ്രാമത്തിന് മുകളിൽ തടാകം രൂപപ്പെടുന്നു. തപോവൻ മേഖലയിലെ റെയ്‌നി ഗ്രാമത്തിന് മുകളിലായി അവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയാണ് തടാകം രൂപപ്പെടുന്നത്. തടാകം രൂപപ്പെടുന്ന സംഭവം ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. 

തടാകം രൂപപ്പെടുന്നത് പ്രദേശത്തെ രക്ഷാ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന ആശങ്കയുണ്ട്. സാഹചര്യം വിലയിരുത്താൻ സംസ്ഥാന ദുരന്ത നിവാരണ സേന സംഭവ സ്ഥലത്ത് എത്തി. ദുരന്ത നിവാരണ സേന സാഹചര്യം പരിശോധിച്ചതിന് ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഡിഐജി എസ്ഡിആർഎഫ് റിഥിം അഗർവാൾ പറഞ്ഞു. ഋഷി ഗംഗയിൽ വെള്ളം ഉയരുന്നതായും സമീപ പ്രദേശങ്ങളിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ചമോലി പൊലീസ് അറിയിച്ചു. 

തടാകത്തെക്കുറിച്ച് തങ്ങൾക്ക് വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യം സൂചിപ്പിക്കുന്നത് ജാഗ്രത പാലിക്കേണ്ടതുണ്ട് എന്നാണ്. എന്നാൽ ആശങ്കപ്പെടേണ്ട സാഹ‌ചര്യമില്ല. അവലോകനത്തിനായി കൂടുതൽ വിദ​ഗ്ധരെ സ്ഥലത്ത് നിയോ​ഗിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.