'ഈശ്വർ' ഇന്ത്യയെ ഒറ്റാൻ തുടങ്ങിയിട്ട് പത്ത് മാസം, സുപ്രധാന വിവരങ്ങൾ പാക്കിസ്ഥാന് കൈമാറി; ഫോട്ടോഗ്രാഫർക്ക് ജീവപര്യന്തവും പിഴയും 

പാക്കിസ്ഥാന്റെ ഐഎസ്ഐ ഏജൻസിക്കും മറ്റു രഹസ്യാന്വേഷണ ഏജൻസികൾക്കും സുപ്രധാന വിവരങ്ങൾ കൈമാറിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഒഡീഷ: പാക്കിസ്ഥാനു വേണ്ടി ഒഡീഷയിലെ ബാലസോറിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ (ഐടിആർ) ചാരപ്പണി നടത്തിയ ഫോട്ടോഗ്രാഫർക്ക് ആജീവനാന്ത തടവ് ശിക്ഷ. ഐടിആറിലെ ഡിആർഡിഒ ലബോറട്ടറിയിലെ കരാർ ജീവനക്കാരനായ ഫോട്ടോഗ്രാഫർ ഈശ്വർ ചന്ദ്ര ബെഹെറയാണ് കുറ്റവാളി. ഇയാൾ പാക്കിസ്ഥാന്റെ ഐഎസ്ഐ ഏജൻസിക്കും മറ്റു രഹസ്യാന്വേഷണ ഏജൻസികൾക്കും സുപ്രധാന വിവരങ്ങൾ കൈമാറിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ജഡ്ജി ഗിരിജ പ്രസാദ് മോഹൻപത്രയാണ് ശിക്ഷ പ്രഖ്യാപിച്ചത്. 

പ്രതിക്ക് 10,000 രൂപ പിഴയും കോടതി വിധിച്ചു. സുപ്രധാന വിവരങ്ങൾ ചോർത്തിയതിന് രഹസ്യാന്വേഷണ ഏജൻസിയാണ് ഈശ്വറിനെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയുമായിരുന്നു. ഐപിസി 121 എ രാജ്യദ്രോഹം, 120 ബി ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകളടക്കം ചുമത്തിയാണ് ശിക്ഷ വിധിച്ചത്. 

വിവിധ രാജ്യങ്ങളിൽ നിന്ന് ഈശ്വറിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തിയിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു.അറസ്റ്റിലാകുന്നതിന് 10 മാസം മുമ്പ് മുതൽ ഈശ്വർ പാകിസ്ഥാന്റെ ഇന്റർ സർവീസസ് ഇന്റലിജൻസിനായി (ഐഎസ്ഐ) ചാരപ്പണി നടത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. 

മയൂർഭഞ്ച് ജില്ലയിലെ കാന്തിപൂർ സ്വദേശിയാണ് ഈശ്വർ. 2007 മുതലാണ് ഇയാൾ കരാർ അടിസ്ഥാനത്തിൽ ഐടിആറിൽ ഫോട്ടോഗ്രാഫറായി ജോലിയിൽ പ്രവേശിച്ചത്. പ്രതിമാസം 8,000 രൂപയാണ് ശമ്പളം. ഐടിആറിലെ കൺട്രോൾ ടവറിന്റെ സിസിടിവി വിഭാഗത്തിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com