ശമ്പളം വെട്ടിക്കുറച്ചു, വാടകയ്ക്കും റേഷനും പോലും പണമില്ല; കിഡ്‌നി വില്‍ക്കാന്‍ ഒരുങ്ങി ട്രാന്‍സ്‌പോര്‍ട്ട് ബസ് കണ്ടക്ടര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th February 2021 04:51 PM |
Last Updated: 12th February 2021 04:51 PM | A+A A- |
പ്രതീകാത്മക ചിത്രം
ബംഗളൂരു: ശമ്പളം വെട്ടിക്കുറച്ചതിന് പിന്നാലെ ദൈനംദിന ചിലവുകള്‍ക്ക് പണം കണ്ടെത്താന്‍ കഴിയാതെ കിഡ്‌നി വില്‍ക്കാന്‍ ഒരുങ്ങി ട്രാന്‍സ്‌പോര്‍ട്ട് ബസ് കണ്ടക്ടര്‍. കര്‍ണാടക ആര്‍ടിസിയിലെ കണ്ടക്ടറായ ഹനുമനത്ത് കലേഗര്‍ ആണ് സോഷ്യല്‍ മീഡിയയിലൂടെ കിഡ്‌നി വില്‍ക്കാന്‍ ഒരുങ്ങിയത്. മഹാമാരിയുടെ നാളില്‍ ശമ്പളം കുറച്ചത് തന്റെ സാമ്പത്തികസ്ഥിതി തകിടം മറിച്ചെന്നാണ് ഇയാള്‍ പറയുന്നത്.
വീടിന്റെ വാടക കൊടുക്കാനും റേഷന്‍ വാങ്ങാനുമുള്ള പണം കണ്ടെത്താന്‍ പോലും കഴിയുന്നില്ലെന്നാണ് ഹനുമനത്ത് പറയുന്നത്. അതുകൊണ്ട് കിഡ്‌നി വില്‍ക്കേണ്ട ഗതികേടിലാണെന്ന് പറഞ്ഞ് ഫോണ്‍ നമ്പര്‍ അടക്കം ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
മക്കളുടെ വിദ്യാഭ്യാസവും മാതാപിതാക്കളുടെ ചികിത്സാചിലവുമായി നല്ലൊരു തുക തനിക്ക് പ്രതിമാസം വേണ്ടിവരുന്നുണ്ടെന്നാണ് 38കാരനായ യുവാവ് പറയുന്നത്. അതേസമയം യുവാവ് സ്ഥിരമായി ജോലിക്കെത്താറില്ലെന്നും ഇതാണ് ശമ്പളം വെട്ടിക്കുറയ്ക്കാന്‍ കാരണമെന്നും എന്‍ഇകെആര്‍ടിസി (നോര്‍ത്ത് ഈസ്റ്റ് കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍) പ്രതികരിച്ചു.