'കര്‍ഷകര്‍ അംഗീകരിക്കാത്ത നിയമം റദ്ദാക്കില്ലെന്ന് എന്തിന് നിര്‍ബന്ധം പിടിക്കുന്നു?; സമരം അനിശ്ചിത കാലത്തേക്ക് തുടരും'- രാകേഷ് ടികായത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th February 2021 03:26 PM  |  

Last Updated: 12th February 2021 03:26 PM  |   A+A-   |  

rakesh_tikait

രാകേഷ് ടികായത്/ പിടിഐ

 

ഗാസിയാബാദ്: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന സമരം അനിശ്ചിത കാലത്തേക്ക് തുടരുമെന്ന് വ്യക്തമാക്കി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്. എത്രകാലം സമരം എന്നത് സംബന്ധിച്ച് നിലവില്‍ തീരുമാനങ്ങള്‍ ഒന്നും എടുത്തിട്ടില്ല. കര്‍ഷകരുടെ പ്രതിഷേധം ഒക്ടോബര്‍ വരെ തുടര്‍ന്നേക്കാമെന്നും ടികായത് പറഞ്ഞു. 

കര്‍ഷകരുടെ പ്രതിഷേധം ഒക്ടോബര്‍ വരെ തുടരുമെന്നായിരുന്നു സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ഗുര്‍നം സിങ് ചാര്‍ണി പ്രസ്താവിച്ചിരുന്നു. ഇതിന്  മറുപടിയായാണ് ടികായത് ഇക്കാര്യം പറഞ്ഞത്. 

പുതുതായി നടപ്പാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ സര്‍ക്കാര്‍ റദ്ദാക്കിയില്ലെങ്കില്‍ ഒക്ടോബര്‍ വരെ സമരം തുടരുമെന്നും കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്നും ടികായത് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നാലെയാണ് ഇപ്പോഴത്തെ പ്രതികരണം. 

എല്ലാ വര്‍ഷവും ഒക്ടോബര്‍ രണ്ടിന് ഖാസിപൂര്‍ അതിര്‍ത്തിയില്‍ കര്‍ഷകര്‍ പ്രതിഷേധം സംഘടിപ്പിക്കാറുണ്ട്. ഈ വര്‍ഷവും പ്രതിഷേധ പ്രകടനം നടത്തുമെന്ന് ടികായത് വ്യക്തമാക്കി. കര്‍ഷകരുടെ പ്രതിഷേധം പാര്‍ലമെന്റില്‍ ഉന്നയിക്കപ്പെടുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. 

'രാജ്യത്തെ മുഴുവന്‍ കര്‍ഷകരും പ്രതിഷേധിച്ച് തെരുവിലിറങ്ങുന്നതിന് ഒരു കാരണം ഉണ്ട്. കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ അംഗീകരിക്കുന്നില്ലെങ്കില്‍, അവ റദ്ദാക്കില്ലെന്ന് നിര്‍ബന്ധം പിടിക്കുന്നത് എന്തിനാണ്'- ടികായത് ചോദിച്ചു.