ഡോ. കെ ശിവന്റെ മകന് ഐഎസ്ആര്‍ഒയില്‍ നിയമനം; ചട്ടങ്ങള്‍ മറികടന്നതായി ആക്ഷേപം, പരാതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th February 2021 10:12 AM  |  

Last Updated: 13th February 2021 10:12 AM  |   A+A-   |  

K SHIVAN isro chief

ഡോ. ശിവന്‍/ഫയല്‍

 

ബംഗളൂരു: ഇന്ത്യന്‍ ബഹിരാകാശ ഗവഷണ സ്ഥാപനത്തില്‍ (ഐഎസ്ആര്‍ഒ) ചെയര്‍മാന്‍ ഡോ. കെ ശിവന്റെ മകനെ ചട്ടങ്ങള്‍ മറികടന്നു നിയമിച്ചതായി പരാതി. ഐഎസ്ആര്‍ഒയുടെ തിരുവനന്തപുരം വലിയമല ലിക്വിഡ് പ്രൊപ്പള്‍ഷന്‍ സിസ്റ്റംസ് സെന്ററിലാണ് (എല്‍പിഎസ്‌സി) ശിവന്റ മകന്‍ സിദ്ധാര്‍ഥിനെ നിയമിച്ചത്. ഇതില്‍ കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ പരിശോധന തുടങ്ങി.

ഐഎസ്ആര്‍ഒ മേധാവിയുടെ മകനെ എല്‍പിഎസ്‌സിയില്‍ താത്പര്യ സംഘര്‍ഷം മാത്രമല്ല, ഗൂഢാലോചനയും സ്വജന പക്ഷപാതവുമുണ്ടെന്ന് വിജിലന്‍സ് കമ്മിഷനു ലഭിച്ച പരാതിയില്‍ പറയുന്നു. എല്‍പിഎസ്‌സി ഡയറക്ടര്‍ ഡോ. വി നാരായണന്‍ വിക്രം സാരാഭായി സ്‌പെയ്‌സ് സെന്ററിലേക്കു സ്ഥലംമാറ്റം വരുന്നതിനു മുമ്പായി ധൃതിപിടിച്ച് നിയമനം നടത്തിയെന്ന് പരാതിയില്‍ ്ആരോപിച്ചിട്ടുണ്ട്.

ഐസിആര്‍ബി വഴിയാണ് ഐഎസ്ആര്‍ഒയിലേക്ക് നിയമനം നടത്തുക. സ്‌ക്രീനിങ്, എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. ഇതൊന്നും പാലിക്കാതെ അഭിമുഖത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് സിദ്ധാര്‍ഥിനെ നിയമിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. സയന്റിസ്റ്റ് എന്‍ജിനിയര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് നവംബര്‍ 20നാണ് പരസ്യം നല്‍കിയത്. പരസ്യത്തില്‍ നിര്‍ദേശിച്ചിരുന്ന യോഗ്യതകള്‍ സിദ്ധാര്‍ഥിനു വേണ്ടി തയാറാക്കിയതാണെന്ന് പരാതിയില്‍ ആക്ഷേപമുണ്ട്. 

ഡോ. ശിവന്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ചട്ടങ്ങള്‍ പാലിച്ചുകൊണ്ടാണ് നിയമനം എന്ന് അദ്ദേഹത്തിന്റെ ഓഫിസ് അവകാശപ്പെട്ടു.