'അമ്മയും മകനും പാര്‍ട്ടി നടത്തും, മകളും മരുമകനും സ്വത്ത് കൈകാര്യം ചെയ്യും' ; രാഹുലിനെതിരെ തിരിച്ചടിച്ച് ധനമന്ത്രി
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th February 2021 11:19 AM |
Last Updated: 13th February 2021 11:19 AM | A+A A- |
നിര്‍മ്മല സീതാരാമന്‍, രാഹുല്‍ ഗാന്ധി / ഫയല്‍ ചിത്രം
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയെ പരിഹസിച്ച് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍. നാം രണ്ട് നമുക്ക് രണ്ട് എന്ന രാഹുലിന്റെ പ്രസ്താവനയെയാണ് നിര്‍മ്മല പരിഹസിച്ചത്. അമ്മയും മകനും പാര്‍ട്ടി നടത്തും. മകളും മരുമകനും സ്വത്ത് കൈകാര്യം ചെയ്യും എന്നായിരുന്നു ലോക്‌സഭയില്‍ ധനമന്ത്രിയുടെ പരിഹാസം.
പാര്‍ലമെന്റില്‍ കാര്‍ഷിക നിയമത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ ആയിരുന്നു, കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കാന്‍ നാം രണ്ട് നമുക്ക് രണ്ട് എന്ന പ്രയോഗം രാഹുല്‍ഗാന്ധി ഉപയോഗിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കുടുംബാസൂത്രണം തുടങ്ങിയ കാലത്തെ മുദ്രാവാക്യമായിരുന്നു നാം രണ്ട് നമുക്ക് രണ്ട് എന്നത്.
ഇപ്പോള്‍ കൊറോണയുടെ രൂപത്തില്‍ പകര്‍ച്ചവ്യാധി തിരിച്ചുവന്നപോലെ, ഈ പ്രയോഗം മറ്റൊരു രീതിയില്‍ തിരിച്ചുവന്നിരിക്കുന്നു. ഇന്ന് നാലുപേരാണ് രാജ്യത്തെ നിയന്ത്രിക്കുന്നത്. നാം രണ്ട് നമുക്ക് രണ്ട് എന്നതാണ് ഇവരുടെ മുദ്രാവാക്യം. രാഹുല്‍ പറഞ്ഞു.
ലോക്‌സഭയില്‍ ബജറ്റിനെക്കുറിച്ചുള്ള ചര്‍ച്ചക്കുള്ള മറുപടിയിലാണ് രാഹുലിന്റെ പ്രസംഗത്തിന് ധനമന്ത്രി ശക്തമായ തിരിച്ചടി നല്‍കിയത്. മുന്‍കാലത്ത് കോണ്‍ഗ്രസ് വളരെ നല്ല പദ്ധതികള്‍ കൊണ്ടുവന്നു. എന്നാല്‍ പദ്ധതി സുതാര്യവും ഇച്ഛാശക്തിയോടെയും നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടു. ഇതോടെ നാം രണ്ട് നമുക്ക് രണ്ട് പോലുള്ള ചങ്ങാതിമാര്‍ക്ക് ഉപകാരപ്പെടുകയായിരുന്നു എന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.