പ്രതിഷേധിക്കാം, എന്നാല്‍ എവിടെയും എപ്പോഴും പറ്റില്ല: സുപ്രീം കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th February 2021 12:37 PM  |  

Last Updated: 13th February 2021 12:37 PM  |   A+A-   |  

shaheen bagh

ഷഹീന്‍ ബാഗ് കേസിലെ പുനപ്പരിശോധനാ ഹര്‍ജി തള്ളി/ഫയല്‍

 

ന്യൂഡല്‍ഹി: പ്രതിഷേധിക്കാനുള്ള അവകാശം എവിടെയും എപ്പോഴും പ്രതിഷേധിക്കാനുള്ള അവകാശമായി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി. പ്രതിഷേധിക്കുന്നതായി ദീര്‍ഘകാലം പൊതുസ്ഥലം കൈയടക്കുന്നത് അംഗീകരിക്കാനാവില്ലെന്ന്, ഷഹീന്‍ ബാഗ് കേസിലെ പുനപ്പരിശോധനാ ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീം കോടതി വ്യക്തമാക്കി.

''പ്രതിഷേധിക്കാനുള്ള അവകാശം എവിടെയും എപ്പോഴും പ്രതിഷേധിക്കാനുള്ള അവകാശമല്ല. പെട്ടെന്നു സംഭവിക്കുന്ന ചില പ്രതിഷേധങ്ങള്‍ ഉണ്ടാവാം. എന്നാല്‍ മറ്റുള്ളവരുടെ അവകാശങ്ങളെ ഹനിച്ചുകൊണ്ട് ദീര്‍ഘകാലം പൊതുസ്ഥലം കൈയടകിക്കിവയ്ക്കുന്നത് അംഗീകരിക്കാനാവില്ല''- ജസ്റ്റിസുമാരായ എസ്‌കെ കൗള്‍, അനിരുദ്ധ ബോസ്, കൃഷ്ണ മുരാരി എന്നിവര്‍ അടങ്ങിയ ബെഞ്ച് വിശദീകരിച്ചു.

പുനപ്പരിശോധനാ ഹര്‍ജി തുറന്ന കോടതിയില്‍ കേള്‍ക്കണമെന്ന ആവശ്യം കോടതി നിരാകരിച്ചു. പ്രതിഷേധിക്കുക എന്നത് ഭരണഘടനാപരമായ അവകാശം തന്നെയാണെന്നും എന്നാല്‍ ചില കടമകള്‍ കൂടി അതിനൊപ്പമുണ്ടെന്നും മുന്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് കോടതി പറഞ്ഞു. ആ ഉത്തരവ് പുനപ്പരിശോധിക്കുന്നതിനു കാരണം കാണുന്നില്ലെന്ന് കോടതി വ്യക്തമാക്കി. 

പ്രതിഷേധിക്കാനായി നിശ്ചിത ഇടങ്ങള്‍ വേണമെന്നും അതിനു പുറത്ത് സമരങ്ങള്‍ നടത്തുന്നവരെ പൊലീസ് നീക്കം ചെയ്യണമെന്നുമാണ് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പുറപ്പെടവിച്ച വിധിയില്‍ സുപ്രീം കോടതി വിധിച്ചത്. ഇതിനെതിരെ പന്ത്രണ്ടു പുനപ്പരിശോധനാ ഹര്‍ജികളാണ് സമര്‍പ്പിക്കപ്പെട്ടത്.