കോവിഡ് വാക്‌സിന്‍ വേണമെന്ന് മോദിയോട് കാനഡ; അഞ്ച് ലക്ഷം ഡോസ് ഉടന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th February 2021 04:34 PM  |  

Last Updated: 14th February 2021 04:34 PM  |   A+A-   |  

modi_covid

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: ഇന്ത്യന്‍ കോവിഡ് വാക്‌സിന്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഫോണ്‍ കോള്‍. പത്തുലക്ഷം ഡോസ് വേണമെന്നാണ് കാനഡയുടെ ആവശ്യം. അടിയന്തരമായി അഞ്ചുലക്ഷം ഡോസ് എത്തിക്കാനുള്ള നടപടി ഇന്ത്യ സ്വീകരിച്ചിട്ടുണ്ട്. ഈ മാസം തന്നെ ഇതു നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

നാലുദിവസം മുന്‍പാണ് ഇതു സംബന്ധിച്ച് ജസ്റ്റിന്‍ ട്രൂഡോ മോദിയുമായി സംസാരിച്ചത്. ഇതിനൊപ്പം ഭൂട്ടാന്‍, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ സൈനികര്‍ക്കും ഇന്ത്യയുടെ വാക്‌സീന്‍ നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. ഇതുവരെ 338 കോടി രൂപയുടെ കോവിഡ് വാക്‌സിന്‍ ഡോസുകള്‍ കയറ്റുമതി ചെയ്‌തെന്ന് കേന്ദ്ര ഉപഭോക്തൃകാര്യമന്ത്രി പിയൂഷ് ഗോയല്‍ രണ്ടു ദിവസം മുന്‍പ് വ്യക്തമാക്കിയിരുന്നു. 

പാക്കിസ്ഥാന്‍ ഒഴികെയുള്ള അയല്‍ക്കാര്‍ക്ക് വാക്‌സീന്‍ സൗജന്യമായി നല്‍കി ഇന്ത്യ നയതന്ത്ര ബന്ധവും ശക്തമാക്കിയിരുന്നു. ഇതിന് പുറമേ പണം തന്ന് ഇന്ത്യയുടെ വാക്‌സീന്‍ വാങ്ങിയ ലോകരാജ്യങ്ങളും ഏറെയാണ്. രാജ്യത്തെ ആവശ്യങ്ങള്‍ക്ക് വാക്‌സീന്‍ ഉറപ്പാക്കിയ ശേഷമാണ് സൗഹൃദരാജ്യങ്ങള്‍ക്ക് നല്‍കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു.  ഇതുവരെ 125.4 കോടി രൂപയുടെ 62.7 ലക്ഷം വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായും 213.32 കോടി രൂപയുടെ 1.05 കോടി ഡോസ് വാക്‌സിനുകള്‍ വാണിജ്യാടിസ്ഥാനത്തിലും കയറ്റുമതി ചെയ്തു