'ചോദിച്ചുവാങ്ങിയ വിധി; വീട്ടിലായിരുന്നാലും അവര്‍ മരിക്കില്ലേ?'; കര്‍ഷക അധിക്ഷേപത്തില്‍ മാപ്പുപറഞ്ഞ് ബിജെപി മന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th February 2021 11:38 AM  |  

Last Updated: 14th February 2021 11:38 AM  |   A+A-   |  

hariyana_minister

ഹരിയാന കൃഷി മന്ത്രി ജെപി ദലാല്‍

 

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്നതിനിടെ ഡല്‍ഹിയില്‍ മരിച്ചുവീണ കര്‍ഷകരെ അധിക്ഷേപിച്ച് ഹരിയാന കൃഷി മന്ത്രി ജെപി ദലാല്‍. വീട്ടിലായിരുന്നുവെങ്കിലും അവരെല്ലാം മരിക്കുമായിരുന്നു ദലാല്‍ ചിരിച്ചുകൊണ്ട് ബിജെപി യോഗത്തില്‍ പറഞ്ഞു

'അവര്‍ സ്വന്തം വീട്ടിലായിരുന്നെങ്കിലും മരിക്കുമായിരുന്നു. ഒന്നോ രണ്ടോ ലക്ഷം പേരില്‍ ആറ് മാസത്തിനിടയില്‍ 200 പേര്‍ മരിക്കില്ലേ? ചിലര്‍ക്ക് ഹൃദയാഘാതം വരും മറ്റ് ചിലര്‍ക്ക് പനിയും', ദലാല്‍ പറഞ്ഞു. 
ഇന്ത്യയുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം എത്രയാണെന്നും ഒരു വര്‍ഷത്തില്‍ രാജ്യത്ത് എത്ര പേര്‍ മരിക്കുന്നുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു.ഡല്‍ഹിയില്‍ മരിച്ച് വീണവര്‍ ഏതെങ്കിലും അപകടത്തില്‍പ്പെട്ട് മരിച്ചവരല്ലെന്നും അവര്‍ സ്വന്തം ഇഷ്ടപ്രകാരം വിധി ചോദിച്ചുവാങ്ങിയതാണെന്നും ദലാല്‍ പറഞ്ഞു.

ഡല്‍ഹി അതിര്‍ത്തിയില്‍ മരിച്ച് വീണ കര്‍ഷകരെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു ദലാലിന്റെ വിചിത്രമായ മറുപടി. 200 ഓളം കര്‍ഷകരാണ് ഡല്‍ഹിയില്‍ സമരത്തിനിടെ മരണപ്പെട്ടത്. കൊടും തണുപ്പിനെ വകവെക്കാതെയാണ് മാസങ്ങളായി കര്‍ഷകര്‍ ഡല്‍ഹിയില്‍ സമരം ചെയ്യുന്നത്.

എന്നാല്‍ വാര്‍ത്ത വിവാദമായതിന് പിന്നെ മന്ത്രി പരാമശത്തില്‍ ഖേദം പ്രകടിപ്പിച്ചു. തന്റെ പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചാല്‍ താന്‍ ക്ഷമ ചോദിക്കുന്നു. ആരുടെയും മരണം വേദനിപ്പിക്കുന്നതാണ്. കര്‍ഷകരുടെ ക്ഷേമത്തിനായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.