വാലന്റൈന്‍സ് ദിനത്തില്‍ നക്‌സലുകളുടെ കൂട്ടക്കല്യാണം നടത്തി പൊലീസ്; 'ഘര്‍ വാപസി' നടത്തിയത് 300പേര്‍

കീഴടങ്ങിയ നക്‌സല്‍ പ്രവര്‍ത്തകരുടെ കല്യാണം നടത്തി പൊലീസ്. ഛത്തീസ്ഗഡിലെ ദന്തേവാഡയിലാണ് സമൂഹ വിവാഹം നടന്നത്
മുന്‍ നക്‌സലുകളുടെ വിവാഹ ചടങ്ങില്‍ നിന്ന്/എഎന്‍ഐ
മുന്‍ നക്‌സലുകളുടെ വിവാഹ ചടങ്ങില്‍ നിന്ന്/എഎന്‍ഐ


ദന്തേവാഡ: കീഴടങ്ങിയ നക്‌സല്‍ പ്രവര്‍ത്തകരുടെ കല്യാണം നടത്തി പൊലീസ്. ഛത്തീസ്ഗഡിലെ ദന്തേവാഡയിലാണ് സമൂഹ വിവാഹം നടന്നത്. പതിനഞ്ച് മുന്‍ നക്‌സലുകളുടെ വിവാഹമാണ് പൊലീസ് നടത്തിയത്. വാലന്റൈന്‍സ് ഡേയിലായിരുന്നു മുന്‍ നക്‌സലുകളുടെ വിവാഹം. 

'കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ആയുധം താഴെവച്ച് കീഴടങ്ങിയ നക്‌സലുകളാണ് ഇവര്‍. സമാധാന ജീവിതത്തിലേക്ക് മടങ്ങിയെത്തിവര്‍ക്ക് സമ്മാനമായാണ് വിവാഹം നടത്തിയത്. ഇവരുടെ കുടുബത്തിന്റെ സാന്നിധ്യത്തിലായിരുന്നു വിവാഹം' ദന്തേവാഡ എസ് പി അഭിഷേക് പല്ലവ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

നക്‌സല്‍ സംഘടനയുടെ ഭാഗമായിരുന്നപ്പോള്‍ പലരും പ്രണയത്തിലായിരുന്നു, പക്ഷേ അവരെ വിവാഹം കഴിക്കാന്‍ അനുവദിച്ചില്ല ദന്തേവാഡ പൊലീസ് സംഘടിപ്പിച്ച ഘര്‍ വാപസി ക്യാമ്പയിന്റെ ഭാഗമായാണ് ഇപ്പോള്‍ നക്‌സല്‍ പ്രവര്‍ത്തകര്‍ തിരിച്ചെത്തുന്നത്. ആറുമാസത്തിനുള്ളില്‍ 300 നക്‌സലൈറ്റുകള്‍ കീഴടങ്ങിയതായി എസ് പി പറയുന്നു. ആദിവാസി ആചാരപ്രകാരമാണ് വിവാഹങ്ങള്‍ നടത്തിയതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. 

സമാധാനത്തിന്റെ പാതയിലേക്ക് തിരികെ വന്നതില്‍ സന്തോഷമുണ്ടെന്ന് വിവാഹം കഴിച്ച ഒരു മുന്‍ നക്‌സല്‍ പ്രവര്‍ത്തകന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. 

'നക്‌സല്‍ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിനിടെ ഞങ്ങള്‍ രണ്ടുപേരും പ്രണയത്തിലായിരുന്നു. എന്റെ തലയ്ക്ക് അഞ്ചുലക്ഷം രൂപയാണ് പൊലീസ് വിലയിട്ടിരുന്നത്. അവളുടെ തലയ്ക്ക് ഒരുലക്ഷവും. ഞങ്ങള്‍ വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ സംഘടന അതില്‍നിന്നു തടഞ്ഞു. കുട്ടികളുണ്ടാകുന്നതും സംഘടനയ്ക്ക് താത്പര്യമുള്ള വിഷയം ആയിരുന്നില്ല. അതുകൊണ്ട് നിര്‍ബന്ധിത വന്ധ്യംകരണവും നടന്നുവരുന്നുണ്ട്' -അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com