ഭാര്യയെ കാണാനില്ലെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; അച്ഛനും വളര്‍ത്തുമകനും ചേര്‍ന്ന് കൊന്ന് കനാലില്‍ തള്ളി; തുമ്പായത് മൊഴി; അറസ്റ്റ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th February 2021 09:09 PM |
Last Updated: 15th February 2021 09:09 PM | A+A A- |

പ്രതീകാത്മക ചിത്രം
ലക്നൗ: ഭക്ഷണം പാചകം ചെയ്തില്ലെന്ന് ആരോപിച്ച് 65 കാരിയെ ഭര്‍ത്താവും വളര്‍ത്തു മകനും ചേര്‍ന്ന് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കനാലില്‍ വലിച്ചെറിഞ്ഞു. ബസ്‌കലി ദേവി എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ പ്രതാപ്ഘഡ് ജില്ലയിലാണ് സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.സ്ത്രീയുടെ ഭര്‍ത്താവ് ജുന്നിലാല്‍ പ്രജാപതി, അജയ് പ്രജാപതി, പ്രദീപ് കുമാര്‍ പ്രജാപതി, വളര്‍ത്തു മകന്‍ വിജയ് കുമാര്‍ പ്രജാപതി എന്നിവരാണ് പിടിയിലായത്. ജനവരി 28നാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
ജുന്നിലാല്‍ പ്രജാപതിയുടെ രണ്ടാം ഭാര്യയാണ് കൊല്ലപ്പെട്ട ബസ്‌കലി ദേവി. ഭാര്യയെ കാണാനില്ലെന്ന് വ്യക്തമാക്കി ഇയാള്‍ നല്‍കിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തായത്. ഭാര്യയെ കാണാനില്ലെന്ന് വ്യക്തമാക്കി സമൂഹമാധ്യമങ്ങളിലൂടെ കുടുംബം പ്രചാരണം നടത്തിയിരുന്നു.പ്രതികള്‍ നല്‍കിയ മൊഴിയില്‍ സംശയം തോന്നിയ പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ബസ്‌കലി ദേവിയുടേത് കൊലപാതകമാണെന്ന് തെളിഞ്ഞത്.
ഭക്ഷണം പാചകം ചെയ്യാന്‍ ഭാര്യ മടി കാണിച്ചു. ഇതേ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ജുന്നിലാല്‍ പൊലീസിനോട് പറഞ്ഞു. കൊല നടത്തിയ ശേഷം മൃതദേഹം സമീപത്തെ കാനാലിലേക്ക് വലിച്ചെറിയുകയായിരുന്നു.