നേപ്പാളിലും ശ്രീലങ്കയിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും, അമിത് ഷാ പറഞ്ഞു; 'ആത്മനിര്‍ഭര്‍ സൗത്ത് ഏഷ്യ': ത്രിപുര മുഖ്യമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th February 2021 10:54 AM  |  

Last Updated: 15th February 2021 10:57 AM  |   A+A-   |  

MODI_AMIT_BIPLAB

മോദി, അമിത് ഷാ, ബിപ്ലബ് കുമാര്‍ (ഫയല്‍)

 

അഗര്‍ത്തല: നേപ്പാളിലും ശ്രീലങ്കയിലും ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. ഇത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്നോട് പറഞ്ഞതാണ് എന്നാണ് ബിപ്ലബ് പറഞ്ഞിരിക്കുന്നത്. 

'പാര്‍ട്ടി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുകയാണ്. നേപ്പാളിലും ശ്രീലങ്കയിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുകയാണ് എന്ന് ബിജെപി ദേശീയ അധ്യക്ഷനായിരുന്ന അമിത് ഷാ ത്രിപുര ഗസ്റ്റ് ഹൗസില്‍ വെച്ച് എന്നോട് പറഞ്ഞു' എന്നായിരുന്നു ബിപ്ലബിന്റെ പ്രതികരണം. 

'ആത്മനിര്‍ഭര്‍ സൗത്ത് ഏഷ്യ' സ്ഥാപിതമാക്കുന്നതിന്റെ ആദ്യ പടിയാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ്.ബംഗ്ലാദേശിനെയും ഭൂട്ടാനേയും നേപ്പാളിനേയും സ്വയം പര്യാപ്തരാക്കാന്‍ കെല്‍പ്പുള്ളതാണ് ഇന്ത്യയുടെ പദ്ധതികളും നടപടികളും.-ബിപ്ലബ് പറഞ്ഞു. 

മുഖ്യമന്ത്രിയുടെ വിചിത്ര അവകാശവാദങ്ങള്‍ക്ക് എതിരെ പ്രതിപക്ഷമായ സിപിഎമ്മും കോണ്‍ഗ്രസും രംഗത്തെത്തി. അയല്‍ രാജ്യങ്ങളുടെ പരമാധികാരത്തിന് എതിരെയുള്ള തികച്ചും ജനാധിപത്യ വിരുദ്ധമായ പ്രസംഗമാണ് ഇത് എന്ന് സിപിഎം ആരോപിച്ചു. ബിപ്ലബിന്റെ പ്രസംഗത്തിനെക്കുറിച്ച് അന്വേഷണം വേണമെന്നും സിപിഎം ആവശ്യപ്പെട്ടു.