ഹിന്ദു വിരുദ്ധ പരാമർശം ട്വിറ്ററിൽ വൈറലായി, രൂക്ഷവിമർശനം; യുവതിയെ പിരിച്ചുവിട്ട് ​ഗാന

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th February 2021 10:48 AM  |  

Last Updated: 15th February 2021 10:48 AM  |   A+A-   |  

twitter

ഫയല്‍ ചിത്രം

 

ന്യൂഡൽഹി: ട്വിറ്ററിൽ ഹിന്ദു വിരുദ്ധ പരാമർശം നടത്തിയ ജീവനക്കാരിയെ പുറത്താക്കി ​ഗാന. ടൻസില ആനിസ് എന്ന ജീവനക്കാരിക്കെതിരെയാണ് മ്യൂസിക് സ്ട്രീമിംഗ് ആപ്പായ ​ഗാന നടപടി സ്വീകരിച്ചത്. ട്വിറ്ററിലെ അഭിപ്രായ പ്രകടനങ്ങൾക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് യുവതിയെ ജോലിയിൽ നിന്ന് പറഞ്ഞുവിട്ടത്.

ഡൽഹിയിൽ നടന്ന റിങ്കു ശർമ്മ എന്ന യുവാവിന്റെ കൊലപാതകത്തെ കുറിച്ചും ടൻസില ട്വീറ്റ് ചെയ്തിരുന്നു. രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് സംഭാവന പിരിച്ചതിന്റെ പേരിൽ അക്രമികൾ റിങ്കുവിനെ കൊലപ്പെടുത്തിയത് എന്നാണ് ആരോപണം. ഇതിനിടയിലാണ് റിങ്കുവിന്റെ കൊലപാതകത്തെ ന്യായീകരിച്ചുള്ള ടൻസിലയുടെ ട്വീറ്റ് വൈറലായത്.

രാജ്യത്തെ എല്ലാ മതവിഭാഗങ്ങളെയും സമുദായത്തേയും ബഹുമാനിക്കുന്നുവെന്ന് പറഞ്ഞാണ് ടൻസിലയ്ക്കെതിരായ നടപടി ​ഗാന പുറത്തുവിട്ടത്. അടുത്തിടെയാണ് ടാൻസില ഗാനയിൽ ജോലിക്ക് എത്തിയതെന്നും തങ്ങളുടെ ആശയങ്ങളും മൂല്യങ്ങളുമല്ല ഇവരുടെ ട്വീറ്റിൽ പ്രതിഫലിച്ചതെന്നും ഗാന വ്യക്തമാക്കി. ടാൻസിലയെ ഗാനയിൽ നിന്നും പിരിച്ചു വിടുകയാണെന്നും അവർ ഇനി കമ്പനിയിലെ സ്റ്റാഫ് ആയിരിക്കില്ലെന്നും കമ്പനി അറിയിച്ചു.