ഗോ ബാക്ക് മോദി ഹാഷ്ടാഗ്; നടി ഓവിയ ഹെലനെതിരെ കേസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th February 2021 03:10 PM  |  

Last Updated: 15th February 2021 03:10 PM  |   A+A-   |  

Case against actress Ovia Helen

ഓവിയ/ട്വിറ്റര്‍

 

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചെന്നൈ സന്ദര്‍ശനത്തിനു മുമ്പായി ഗോ ബാക്ക് മോദി എന്ന ഹാഷ്ടാഗോടെ ട്വീറ്റ് ചെയ്ത നടി ഓവിയ ഹെലനെതിരെ കേസ്. തമിഴ്‌നാട് ബിജെപി നേതാവിന്റെ പരാതിയില്‍ എഗ്മോര്‍ പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ബിജെപി ലീഗല്‍ വിങ് അംഗമായ അലക്‌സിസ് സുധാകര്‍ ആണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഓവിയയുടെ ട്വീറ്റിനു പിന്നിലെ ഉദ്ദേശ്യം അന്വേഷിക്കണമെന്ന് പരാതിയില്‍ പറയുന്നു.

ഓവിയയുടെ ട്വീറ്റിനെത്തുടര്‍ന്ന് ഒട്ടേറെപ്പേര്‍ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധവുമായി ഇറങ്ങുകയും അത് ക്രമസമാധാന പ്രശ്‌നമായി മാറുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം ആവശ്യമുണ്ട്. ഈ പ്രവൃത്തി ചെയ്തയാളുടെ ഉദ്ദേശ്യം എന്തായിരുന്നുവെന്ന് കണ്ടെത്തണം. രാജ്യത്തിന്റെ പരമാധികാരത്തിന് എതിരും ക്രിമിനലുകളെ പിന്തുണയ്ക്കുന്നതുമാണ് ട്വീറ്റ് എന്നു സംശയിക്കണമെന്നും പരാതിയില്‍ പറയുന്നു.

ഓവിയ വിദേശ രാജ്യങ്ങളുമായി നടത്തിയ ആശയ വിനിമയം പരിശോധിക്കണം. പാസ്‌പോര്‍ട്ട് പരിശോധിച്ച് അവര്‍ ഇന്ത്യക്കാരി തന്നെയാണോയെന്ന് ഉറപ്പിക്കണമെന്നും പരാതിയിലുണ്ട്.