അവിഹിത ബന്ധമെന്ന് സംശയം ; ഭാര്യയെയും മകളെയും കൊന്ന് ഡ്രെയിനേജ് പൈപ്പില്‍ തള്ളി ; വളര്‍ത്തു മകളുടെ സംശയം കുരുക്കായി
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th February 2021 03:35 PM |
Last Updated: 15th February 2021 03:35 PM | A+A A- |

പ്രതീകാത്മക ചിത്രം
രാജ്‌കോട്ട് : വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ഭാര്യയെയും മകളേയും കൊലപ്പെടുത്തി. ഗുജറാത്തിലെ ഗാന്ധിധാമിലാണ് സംഭവം. സഞ്ജയ് സിങ് ഓജ എന്നയാളാണ് ഭാര്യ സിമ്രാനെയും മകല്‍ സോണിയയെയും കൊലപ്പെടുത്തിയത്.
ഫെബ്രുവരി 12 നായിരുന്നു കൊലപാതകം നടന്നത്. ഓജയുടെ വളര്‍ത്തുമകള്‍ 12-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സരോജ് എന്ന രേഷ്മയ്ക്ക് തോന്നിയ സംശയമാണ് കൊലപാതകം പുറംലോകം അറിയാനിടയാക്കിയത്. വസ്ത്രത്തിലെ രക്തം കണ്ട് എന്തുപറ്റിയതെന്ന ചോദ്യത്തിന് ബൈക്കില്‍ നിന്നും വീണതാണെന്നായിരുന്നു ഓജയുടെ മറുപടി.
അമ്മയും സഹോദരിയും എവിടെയെന്ന ചോദ്യത്തിന് അവര്‍ ബന്ധുവീട്ടില്‍ പോയിരിക്കുകയാണെന്നും പിറ്റേന്ന് മടങ്ങിവരുമെന്നും പറഞ്ഞു. എന്നാല്‍ ഓജയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സരോജ്, അയല്‍വാസികളെയും പൊലീസിനെയും വിവരം അറിയിച്ചു. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഓജ കുറ്റം സമ്മതിച്ചു.
മദ്യത്തിന് അടിമയായ സഞ്ജയ് സിങിന് ഭാര്യ സിമ്രാന് വിവാഹേതര ബന്ധമുണ്ടെന്ന സംശയമുണ്ടായിരുന്നു. കൊലപാതകം നടന്ന ദിവസം സഞ്ജയ് സിങ് ഭാര്യയെയും മകളെയും പുറത്തു കൊണ്ടുപോയി. മകള്‍ക്ക് ആമയെയും വാങ്ങിക്കൊടുത്തു.
തുടര്‍ന്ന് കാടിന് സമീപത്തേക്ക് ഇവരെ കൊണ്ടുപോകുകയും കൊലപ്പെടുത്തുകയുമായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ ഡ്രെയിനേജ് പൈപ്പില്‍ തള്ളുകയുമായിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ പൊലീസ് പിന്നീട് കണ്ടെടുത്തു.