ഏപ്രിലോടെ മുഴുവന്‍ പാസഞ്ചര്‍ ട്രെയിനുകളും ഓടിത്തുടങ്ങും?; വിശദീകരണവുമായി റെയില്‍വേ

ഏപ്രിലോടെ മുഴുവന്‍ പാസഞ്ചര്‍ ട്രെയിനുകളും സര്‍വീസ് നടത്താന്‍ ആലോചിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ തള്ളി റെയില്‍വേ മന്ത്രാലയം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഏപ്രിലോടെ മുഴുവന്‍ പാസഞ്ചര്‍ ട്രെയിനുകളും സര്‍വീസ് നടത്താന്‍ ആലോചിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ തള്ളി റെയില്‍വേ മന്ത്രാലയം. പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ തീയതി ഒന്നും നിശ്ചയിച്ചിട്ടില്ല എന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. 

കോവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിനാണ് രാജ്യമൊട്ടാകെ പാസഞ്ചര്‍ ട്രെയിനുകള്‍ സര്‍വീസ് നിര്‍ത്തിവെച്ചത്. കോവിഡിനെ പ്രതിരോധിക്കാന്‍ രാജ്യമൊട്ടാകെ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്നായിരുന്നു നടപടി. അതിനിടെയാണ് ഏപ്രിലോടെ രാജ്യത്തെ മുഴുവന്‍ പാസഞ്ചര്‍ സര്‍വീസുകളും പുനരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നത്. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി റെയില്‍വേ മന്ത്രാലയം രംഗത്തുവന്നത്. പാസഞ്ചര്‍ ട്രെയിനുകളുടെ സര്‍വീസുമായി ബന്ധപ്പെട്ട് ഇതുവരെ തീയതി ഒന്നും നിശ്ചയിച്ചിട്ടില്ല എന്ന് റെയില്‍വേ മന്ത്രാലയത്തിന്റെ വക്താവ് ട്വീറ്റില്‍ അറിയിച്ചു.

നിലവില്‍ ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം ഘട്ടം ഘട്ടമായി വര്‍ധിപ്പിച്ചു വരികയാണ്. 65 ശതമാനത്തിലേറെ സര്‍വീസുകളും പുനരാരംഭിച്ചിട്ടുണ്ട്. ജനുവരിയില്‍ മാത്രം 250 ട്രെയിനുകളാണ് വീണ്ടും ഓടി തുടങ്ങിയത്. കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി മാത്രമേ തീരുമാനമെടുക്കൂ.ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കാനും റെയില്‍വേ മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com