'നഷ്ടപ്പെട്ടത് യുവനേതാവിനെ'; ഡിവൈഎഫ്‌ഐ നേതാവിന്റെ കൊലപാതകത്തില്‍ അനുശോചിച്ച് മമത ബാനര്‍ജി; ധനസഹായം പ്രഖ്യാപിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th February 2021 08:10 PM |
Last Updated: 15th February 2021 08:10 PM | A+A A- |

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഡിവൈഎഫ്‌ഐ നേതാവിന്റെ കൊലപാതകത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി മമത ബാനര്‍ജി. ഇടത് യുവജന സംഘടനകള്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മൈദുല്‍ ഇസ്ലാം മിദ്ദ മരിച്ചത്. യുവാവിന്റെ കുടുംബത്തിന് ധനസഹായം നല്‍കുമെന്നും കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കുമെന്നും മമത അറയിച്ചു.
യുവനേതാവിന്റെ നഷ്ടം ദൗര്‍ഭാഗ്യകരമാണ്. തന്റെ അനുശോചനം അയാളുടെ കുടുംബത്തെ അറിയിക്കുന്നു. സിപിഎം നേതാവ് സുജന്‍ ചക്രബര്‍ത്തിയുമായി സംസാരിച്ചതായും മരിച്ച യുവനേതാവിന്റെ കുടുംബത്തിന് എല്ലാവിധ സഹായം നല്‍കുമെന്നും മമത പറഞ്ഞു.
പ്രവര്‍ത്തകന്റെ മരണത്തിന് പിന്നാലെ പ്രതിഷേധവുമായി സിപിഎം രംഗത്തെത്തിയിരുന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റേത് കൊലപാതകമാണെന്ന് സിപിഎം ആരോപിച്ചു. അതേസമയം, ആത്മഹത്യയാണെന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസുകാരുടെ വാദം. ഗുരുതരമായി പരിക്കേറ്റ മൈദുല്‍ സൗത്ത് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അമിതമായ രക്തസ്രാവത്തെ തുടര്‍ന്നാണ് മരണമെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞു
വിദ്യാര്‍ത്ഥി, യുവജന മാര്‍ച്ചില്‍ വിരണ്ട തൃണമൂല്‍ സര്‍ക്കാര്‍ ക്രൂരമായി ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നുവെന്ന് സിപിഎം നേതാവ് സുജന്‍ ചക്രബര്‍ത്തി പറഞ്ഞു.സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപിയും രംഗത്തെത്തി. മമത സര്‍ക്കാരിന് എല്ലാത്തരത്തിലും നിയന്ത്രണം നഷ്ടപ്പെട്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് ആരോപിച്ചു.