ടൂള്‍ കിറ്റ് കേസ്: മലയാളി അഭിഭാഷക ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് കൂടി അറസ്റ്റ് വാറന്റ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th February 2021 11:44 AM |
Last Updated: 15th February 2021 11:53 AM | A+A A- |

നികിത ജേക്കബ്/ ട്വിറ്റര്‍
ന്യൂഡല്‍ഹി: കര്‍ഷക സമരവുമായി ബന്ധപ്പെട്ട ടൂള്‍ കിറ്റ് കേസില്‍ രണ്ടുപേര്‍ക്ക് എതിരെകൂടി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. മലയാളി അഭിഭാഷകയും ആക്ടിവിസ്റ്റുമായ നികിത ജേക്കബ്, ശന്തനു എന്നിവര്‍ക്ക് എതിരെയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഡല്‍ഹി പൊലീസിന്റെ അറസ്റ്റ് വാറന്റ്. നിഖിതയാണ് ടൂള്‍ കിറ്റ് നിര്‍മ്മിച്ചത് എന്നാണ് പൊലീസ് വാദം. നിഖിതയുടെ വീട് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടന്നതെന്നും പൊലീസ് പറഞ്ഞു. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നിഖിതയെ കാണാനില്ലെന്നും പൊലീസ് പറഞ്ഞു.
അതേസമയം, കേസില്‍ അറസ്റ്റ് ചെയ്ത പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ നടപടി ക്രമങ്ങള്‍ പാലിച്ചല്ല കോടതിയില്‍ ഹാജരാക്കിയതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കുമ്പോള്‍ അഭിഭാഷക സഹായം ഉറപ്പുവരുത്തുന്നത് ഉള്‍പ്പെടെയുള്ള നടപടി ക്രമങ്ങളില്‍ വീഴ്ച പറ്റിയിട്ടുണ്ടെന്നാണ് ആരോപണം.
കര്‍ണാടകയിലെ ബെംഗളൂരുവില്‍ നിന്നാണ് ദിഷയെ അറസ്റ്റ് ചെയ്തത്. ദിഷയെ അഞ്ചുദിവസത്തേക്കാണ് പട്യാല ഹൗസ് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ദിഷയ്ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്. നിരായുധയായ ഒരുപെണ്‍കുട്ടിയെ സര്‍ക്കാര്‍ ഭയപ്പെടുന്നുവെന്ന് പ്രിയങ്ക വിമര്‍ശിച്ചു.