കോവിഡ് വാക്‌സിന്‍ സ്വകാര്യ വിപണിയില്‍ ഉടനില്ല ; മൂന്നാംഘട്ടവും സൗജന്യമെന്ന് സൂചന നല്‍കി ഹര്‍ഷവര്‍ധന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th February 2021 10:39 AM  |  

Last Updated: 16th February 2021 10:39 AM  |   A+A-   |  

harsha vardhan

ഹര്‍ഷവര്‍ധന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഫയല്‍ചിത്രം

 

ന്യൂഡല്‍ഹി : കോവിഡ് വാക്‌സിന്‍ സ്വകാര്യ വിപണിയിലേക്ക് ഉടനില്ല. സ്വകാര്യ വിപണിയില്‍ ഉടന്‍ വാക്‌സിന്‍ ലഭ്യമാക്കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. വ്യാജ വാക്‌സിന്‍ എത്താനുള്ള സാധ്യത പരിഗണിച്ചാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. 

അതിനിടെ വാക്‌സിന്റെ അടുത്ത ഘട്ട വിതരണവും സൗജന്യമാകാന്‍ സാധ്യത. ഇതുസംബന്ധിച്ച് ചര്‍ച്ച തുടങ്ങിയതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ അറിയിച്ചു. മൂന്നാം ഘട്ടത്തില്‍ 50 വയസ്സിനും അതിന് മുകളിലുള്ളവര്‍ക്കുമാണ് വാക്‌സിന്‍ വിതരണം ചെയ്യാന്‍ ആലോചിക്കുന്നത്.

ഏതാണ്ട് 26 കോടി പേര്‍ക്കാണ് മൂന്നാം ഘട്ടത്തില്‍ വാക്‌സിന്‍ ലഭ്യമാകുകയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സൂചിപ്പിച്ചു. രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളില്‍ മൂന്നാംഘട്ട വാക്‌സിനേഷന്‍ ആരംഭിക്കാനാകുമെന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു. സംസ്ഥാനങ്ങളുമായി കൂടി കൂടിയാലോചിച്ച ശേഷമായിരിക്കും സൗജന്യ വാക്‌സിനേഷനില്‍ തീരുമാനമെടുക്കുക എന്നും കേന്ദ്രമന്ത്രി സൂചിപ്പിച്ചു. 

രാജ്യത്ത് തിങ്കളാഴ്ച വരെ 85 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ഡോ. ഹര്‍ഷവര്‍ധന്‍ പറഞ്ഞു. 98,118 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. അടുത്ത മുന്‍ഗണനാ പട്ടികയില്‍പ്പെട്ടവര്‍ക്ക് മാര്‍ച്ചില്‍ വാക്‌സിന്‍ നല്‍കാനാകുമെന്നും കേന്ദ്രആരോഗ്യമന്ത്രി വ്യക്തമാക്കി. 

അതിനിടെ രാജ്യത്ത് ഇന്നലെ  9,121 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,09,25,710 ആയി. നിലവില്‍ ചികില്‍സയിലുള്ളത് 1,36,872 പേരാണ്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ  11,805 രോഗമുക്തി നേടി. ആകെ രോഗമുക്തരായവരുടെ എണ്ണം 1,06,33,025   ആയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ 81 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം  1,55,813  ആയതായും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.