'ഇന്ത്യ പിപിഇ കിറ്റ് നിര്‍മിക്കുന്നു; ചിലര്‍ രാജ്യത്തിനെതിരെ ടൂള്‍ കിറ്റ് ഉണ്ടാക്കുന്നു' : കേന്ദ്രമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th February 2021 02:41 PM  |  

Last Updated: 16th February 2021 02:41 PM  |   A+A-   |  

gajendra shekhavath

ഗജേന്ദ്ര ശെഖാവത്ത് / ഫയല്‍ ചിത്രം

 


ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയെ നേരിടുന്നതിനായി ലോകത്തിന് വേണ്ടി ഇന്ത്യ പിപിഇ കിറ്റുകള്‍ നിര്‍മിക്കുമ്പോള്‍ ചിലര്‍ ഇന്ത്യക്കാര്‍ക്കെതിരെ ടൂള്‍ കിറ്റ് നിര്‍മിക്കുന്ന തിരക്കിലാണെന്ന് കേന്ദ്രമന്ത്രി. കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്താണ് ഇക്കാര്യം പറഞ്ഞത്. ടൂള്‍ കിറ്റ് കേസില്‍ ഡല്‍ഹി പൊലീസ് ദിഷ രവിയെ അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. 

'ഇന്ത്യ ലോകത്തിന് വേണ്ടി പിപിഇ കിറ്റുകള്‍ നിര്‍മിക്കുമ്പോള്‍ ഇവര്‍ ഇന്ത്യക്കാര്‍ക്കെതിരായി ടൂള്‍ കിറ്റ് നിര്‍മിക്കുന്നു.'  എന്നായിരുന്നു ശെഖാവത്തിന്റെ ട്വീറ്റ്. 

ദിഷയെ അറസ്റ്റ് ചെയ്തതിനെതിരേ ഉയര്‍ന്ന് പ്രതിഷേധങ്ങളെ വിമര്‍ശിച്ചും ശെഖാവത്ത് ട്വീറ്റ് ചെയ്തിട്ടുണ്ട്. പ്രായമാണ് മാനദണ്ഡമെങ്കില്‍ 21 -ാം വയസ്സില്‍ വീരമൃത്യു വരിച്ച പരംവീര്‍ ചക്ര പുരസ്‌കാര ജേതാവ് സെക്കന്‍ഡ് ലെഫ്റ്റനന്റ് അരുണ്‍ ഖേതര്‍പാലിനെ ഓര്‍ത്ത് താന്‍ അഭിമാനിക്കുന്നു. ചില ടൂള്‍കിറ്റ് പ്രചാരകരെ ഓര്‍ത്തല്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 

ദിഷ രവി ടൂള്‍ കിറ്റ് ഡോക്യുമെന്റിന്റെ രൂപീകരണത്തിലും എഡിറ്റിങിലും പ്രചാരണത്തിലും പങ്കാളിയായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വാട്‌സാപ്പ് ഗ്രൂപ്പ് ആരംഭിച്ച് ഗൂഢാലോചന നടത്തിയെന്നും ഡല്‍ഹി പൊലീസ് ആരോപിക്കുന്നു. ഇന്ത്യ വിരോധം പ്രചരിപ്പിക്കുന്നതിനായി ദിഷ രവിയും ഗ്രൂപ്പിലെ മറ്റ് അംഗങ്ങളും ഖാലിസ്ഥാന്‍ അനുകൂല ഫൗണ്ടേഷനുമായി സഹകരിച്ചെന്നും പൊലീസ് പറയുന്നു. രാജ്യദ്രോഹം കുറ്റമടക്കം ചേര്‍ത്താണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.