മധ്യപ്രദേശ് ബസ് അപകടം; 45 മൃതദേഹങ്ങള്‍ കണ്ടെടുത്തു; കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th February 2021 05:58 PM |
Last Updated: 16th February 2021 05:58 PM | A+A A- |

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍
ഭോപ്പാല്‍: മധ്യപ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ മരണസംഖ്യ 45 ആയി. അപകടത്തില്‍ മരിച്ചവരുടെ കുടുബത്തിന് 5 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. അടിയന്തരമായി പതിനായിരം രൂപനല്‍കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.
സിധി നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ നാല്‍പ്പത്തിയഞ്ചുപേരുടെ മൃതദേഹം കണ്ടെടുത്തതായും രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.സീധിയില്‍ നിന്നും സത്‌നയിലേക്ക് 54 യാത്രക്കാരുമായി പോവുകയായിരുന്ന ബസ് രാംപുരില്‍ വെച്ച് നിയന്ത്രണം വിട്ട് കനാലിലേക്ക് പതിക്കുകയായിരുന്നു. രാവിലെ ഏഴരയോടെയായിരുന്നു അപകടം.
ബസ് പൂര്‍ണമായും കനാലില്‍ മുങ്ങിയതായി ദൃക്‌സാക്ഷികള്‍ പറയുന്നു. സംസ്ഥാന ദുരന്ത പ്രതികരണ സേനയും നീന്തല്‍ വിദഗ്ധരും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കനാലില്‍ ജലനിരപ്പ് ഉയര്‍ന്നിരിക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം നേരിടുന്നുണ്ട്. ട്രാഫിക് തടസം ഒഴിവാക്കാന്‍ കുറുക്കു വഴിക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.
ഇതേതുടര്‍ന്ന് ബാണ്‍സാഗര്‍ അണക്കെട്ടില്‍ നിന്ന് വെളളം തുറന്നുവിടരുതെന്ന് മുഖ്യമന്ത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബന്‍സാഗര്‍ കനാലിലെ ജലനിരപ്പ് കുറയ്ക്കുന്നതിനായി സിഹാവല്‍ കനാലിലെ വെളളം തുറന്നുവിട്ടിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്താന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും വീതം നല്‍കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നു.