ആരോട് മിണ്ടാതെ വീടിന്റെ മൂലയില്‍, കാര്യങ്ങള്‍ തിരക്കി അമ്മ; ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി യുവാവ് പീഡിപ്പിച്ചു, ദുരനുഭവം തുറന്ന് പറഞ്ഞ് 16കാരി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th February 2021 08:43 PM  |  

Last Updated: 16th February 2021 08:43 PM  |   A+A-   |  

sexual assault

പ്രതീകാത്മക ചിത്രം/ ഫയൽ

 

ഭോപ്പാല്‍: മധ്യപ്രദേശില്‍ ദിവസങ്ങളോളം പിന്നാലെ നടന്ന് ശല്യം ചെയ്ത ശേഷം 16കാരിയെ യുവാവ് പീഡിപ്പിച്ചതായി പരാതി. എട്ടാം ക്ലാസുകാരിയുടെ പെരുമാറ്റത്തില്‍ വന്ന മാറ്റം ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് പെണ്‍കുട്ടി നടന്ന സംഭവം തുറന്നുപറഞ്ഞതെന്ന് പൊലീസ് പറയുന്നു.

ബുധനാഴ്ച ഷാപുരയിലാണ് സംഭവം. പെണ്‍കുട്ടി പതിവായി കോച്ചിംഗ് ക്ലാസില്‍ പോവാറുണ്ട്. അതിന് ശേഷം അമ്മയെ സഹായിക്കുന്നതാണ് പതിവ്. അമ്മ വീട്ടുജോലിക്ക് പോകുന്ന വീട്ടില്‍ മരപ്പണിക്കാരനായി ജോലി ചെയ്യുന്ന യുവാവാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. യുവാവ് ദിവസങ്ങളോളം പിന്നാലെ നടന്ന് ശല്യം ചെയ്തതായി പെണ്‍കുട്ടി വീട്ടുകാരോട് പറഞ്ഞു. 

ബുധനാഴ്ച പെണ്‍കുട്ടിയുടെ അമ്മ വീട്ടുജോലിക്ക് പോയിരുന്നില്ല. മൂത്ത സഹോദരി ഫ്‌ലാറ്റുകളില്‍ ഒന്നില്‍ പോയി പണം വാങ്ങി വരാന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഫ്‌ലാറ്റില്‍ പോയി പണം വാങ്ങി മടങ്ങി വരുന്നതിനിടെയാണ് സംഭവം നടന്നത്. യുവാവ് ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തിയ ശേഷം ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. 

സംഭവത്തിന് ശേഷം ആരോടും മിണ്ടാതിരുന്ന കൗമാരക്കാരിയുടെ സ്വഭാവത്തില്‍ വന്ന മാറ്റം ശ്രദ്ധയില്‍പ്പെട്ട അമ്മ കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. പോക്‌സോ വകുപ്പ് അനുസരിച്ച് യുവാവിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.