'എന്റെ കുഞ്ഞിന്റെ അമ്മയും അച്ഛനും ഞാന്‍ തന്നെയാകണം'; സ്വന്തം ബീജം സൂക്ഷിച്ചുവെച്ച് സ്ത്രീയാകാന്‍ ശസ്ത്രക്രിയ, അപൂര്‍വ്വം

അമ്മയാകാനുള്ള ആഗ്രഹത്താല്‍ ഗുജറാത്തിലെ ഡോക്ടര്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുന്നു
ജെസ്‌നൂര്‍ ദയാര/ സോഷ്യല്‍മീഡിയ ചിത്രം
ജെസ്‌നൂര്‍ ദയാര/ സോഷ്യല്‍മീഡിയ ചിത്രം

അഹമ്മദാബാദ്: അമ്മയാകാനുള്ള ആഗ്രഹത്താല്‍ ഗുജറാത്തിലെ ഡോക്ടര്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുന്നു. കുട്ടിയുടെ അച്ഛനും താന്‍ തന്നെയാകാന്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് മുന്‍പ് ബീജം സൂക്ഷിച്ചും വാര്‍ത്തകളില്‍ നിറയുകയാണ് 25 വയസുള്ള ഡോക്ടര്‍ ജെസ്‌നൂര്‍ ദയാര.

റഷ്യന്‍ സര്‍വകലാശാലയില്‍ നിന്ന് എംബിബിഎസ് ബിരുദം നേടിയ ദയാര ഗുജറാത്തിലെ ഗോധ്രയിലെ ചെറുപട്ടണത്തിലാണ് ജനിച്ചത്. ആണ്‍കുട്ടിയായാണ് ജനിച്ചത്. ചെറുപ്രായത്തില്‍ തന്നെ തനിക്ക് സ്്ത്രീയുടെ പ്രകൃതമാണ് എന്ന് തിരിച്ചറിഞ്ഞ ദയാര, ഒരു പെണ്‍കുട്ടിയെ പോലെ അണിഞൊരുങ്ങി നടക്കാന്‍ ആഗ്രഹിച്ചിരുന്നതായി ഓര്‍മ്മിക്കുന്നു. എന്നാല്‍ കുടുംബാംഗങ്ങള്‍ ഇതിനെ എതിര്‍ത്തു. വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് തന്റെ ഉള്ളിലെ സ്ത്രീത്വത്തെ മൂടിവെയ്ക്കാന്‍ ശ്രമിച്ചു.വീട്ടുകാരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കേണ്ട എന്നാണ് അന്ന് കരുതിയതെന്ന് ഗുജറാത്തിലെ ആദ്യ ട്രാന്‍സ് വുമണ്‍ ഡോക്ടറാകാന്‍ പോകുന്ന ജെസ്‌നൂര്‍ ദയാര തുറന്നുപറഞ്ഞു.

പുറത്തുപോയി പഠിക്കാന്‍ തീരുമാനിച്ചതാണ് തന്റെ വ്യക്തിത്വം ഉള്‍പ്പെടെ പലതും മൂടിവെയ്‌ക്കേണ്ട അവസ്ഥയ്ക്ക് വിരാമമിട്ടത്. യാഥാര്‍ത്ഥ്യം മനസിലാക്കിയ താന്‍ ഒരു സ്ത്രീയായി ജീവിക്കാന്‍ തയ്യാറായി. ഇതൊരു സ്വാതന്ത്ര്യമായാണ് കരുതുന്നത്. തുടക്കത്തില്‍ ഏറെ എതിര്‍പ്പുകള്‍ ഉണ്ടായെങ്കിലും പിന്നീട് വീട്ടുകാര്‍ ഉള്‍പ്പെടെയുളളവര്‍ പിന്തുണയുമായി രംഗത്തുവന്നതായി അവര്‍ ഓര്‍ക്കുന്നു.

മെഡിക്കല്‍ കൗണ്‍സിലിന്റെ യോഗ്യത പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിലാണ് ദയാര.ഇന്ത്യയില്‍ ഡോക്ടറായി പ്രാക്ടീസ് ചെയ്യാന്‍ ഇത് അത്യാവശ്യമാണ്. ഈ വര്‍ഷം അവസാനം യോഗ്യത പരീക്ഷ കഴിയുന്ന മുറയ്ക്ക് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താനുള്ള ഒരുക്കത്തിലാണ് 25കാരി. പൂര്‍ണമായി സ്ത്രീയായി മാറി കഴിഞ്ഞാല്‍ ഒരു കുട്ടിയുടെ അമ്മയാകണമെന്നതാണ് തന്റെ സ്വപ്നം. ഇതിന്റെ ഭാഗമായാണ് പുരുഷനായിരിക്കുമ്പോള്‍ ബീജം സൂക്ഷിക്കാന്‍ തീരുമാനിച്ചത്. ഇതിലൂടെ കുട്ടിയുടെ അച്ഛനും താന്‍ തന്നെയാണ് എന്ന അപൂര്‍വ്വ ബഹുമതിക്ക് അരികിലാണ് ദയാര. ഗര്‍ഭപാത്രമല്ല ഒരു സ്ത്രീയെ നിര്‍വചിക്കുന്നത്. സ്‌നേഹമാണെന്ന് ദയാര ഇതുസംബന്ധിച്ച് പറയുന്നു. ആനന്ദിലെ ആശുപത്രിയിലാണ് ബീജം സൂക്ഷിക്കുന്നത്. 

എന്നാല്‍ നിയമത്തിന്റെ തടസം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഭാവിയില്‍ ഇതിന് അനുകൂലമായ തീരുമാനം അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് ദയാര പ്രതീക്ഷിക്കുന്നത്. നിലവില്‍ ലോക്‌സഭ പാസാക്കിയ വാടക ഗര്‍ഭധാരണ നിയന്ത്രണ ബില്‍ പുരുഷന്മാര്‍ക്ക് ഗര്‍ഭധാരണം അനുവദിക്കുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com