പഞ്ചാബ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി ; കോണ്‍ഗ്രസ് മുന്നേറ്റം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th February 2021 11:19 AM  |  

Last Updated: 17th February 2021 11:20 AM  |   A+A-   |  

bjp

ഫയല്‍ ചിത്രം

 

ചണ്ഡീഗഡ് : പഞ്ചാബിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി. മോഗ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് 20 സീറ്റുകളില്‍ വിജയിച്ചു. ശിരോമണി അകാലിദള്‍ 15 ഇടത്തും വിജയിച്ചിട്ടുണ്ട്. ലാല്‍റുവില്‍ കോണ്‍ഗ്രസ് അഞ്ചിടത്തും അകാലിദള്‍ ഒരു സീറ്റും നേടി. അബോഹറില്‍ 50 വാര്‍ഡില്‍ 49 ഉം കോണ്‍ഗ്രസ് വിജയിച്ചു. അബോഹര്‍ കോര്‍പ്പറേഷനിലേക്ക് നടന്ന ആദ്യ തെരഞ്ഞെടുപ്പായിരുന്നു ഇത്. 

ജലാലാബാദില്‍ കോണ്‍ഗ്രസ് 11 ഇടത്ത് വിജയിച്ചപ്പോള്‍ അകാലിദള്‍ 11 വാര്‍ഡും എഎപി ഒന്നും നേടി. ഖന്നയില്‍ കോണ്‍ഗ്രസ് മൂന്നു വാര്‍ഡുകള്‍ നേടി. ഒരെണ്ണം സ്വതന്ത്രനും കരസ്ഥമാക്കി. ബതിന്‍ഡ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് 25 വാര്‍ഡുകള്‍ വിജയിച്ചു. ദേരാബാസിയില്‍ കോണ്‍ഗ്രസ് ആറിടത്തും അകാലിദള്‍ രണ്ട് വാര്‍ഡുകളിലും വിജയിച്ചു. 

പഞ്ചാബിലെ ബതിന്‍ഡ, അബോഹര്‍, മോഗ, കപൂര്‍ത്തല, ഹോഷിയാര്‍പൂര്‍, ബട്ടാല, പത്താന്‍കോട്ട് എന്നീ ഏഴ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെ 2252 വാര്‍ഡുകളിലേക്കും 109 മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്കും നഗര പഞ്ചായത്തുകളിലേക്കുമുള്ള വോട്ടെണ്ണലാണ് പുരോഗമിക്കുന്നത്. 9222 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വോട്ടെടുപ്പ് നടന്നത്. 

പ്രധാനപാര്‍ട്ടികളായ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, ശിരോമണി അകാലിദള്‍, ബിജെപി തുടങ്ങിയ പാര്‍ട്ടികളെല്ലാം മല്‍സരരംഗത്തുണ്ട്. എന്‍ഡിഎ സഖ്യം വേര്‍പിരിഞ്ഞ അകാലി ദളും ബിജെപിയും ഒറ്റയ്‌ക്കൊറ്റയ്ക്കായാണ് മല്‍സരിക്കുന്നത്. കര്‍ഷക പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ പഞ്ചാബിലെ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് നിര്‍ണായകമാണ്.