ടൂള്‍ കിറ്റ് കേസ്: നികിത ജേക്കബിന് മുന്‍കൂര്‍ ജാമ്യം

ടൂള്‍ കിറ്റ് കേസ്: നികിത ജേക്കബിന് മുന്‍കൂര്‍ ജാമ്യം
നികിത ജേക്കബ്/ ട്വിറ്റര്‍
നികിത ജേക്കബ്/ ട്വിറ്റര്‍

മുംബൈ: ടൂള്‍ കിറ്റ് കേസില്‍ മലയാളി അഭിഭാഷക നികിത ജേക്കബിന് ബോംബെ ഹൈക്കോടതി ട്രാന്‍സിറ്റ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. മൂന്ന് ആഴ്ചത്തേക്കാണ് ജാമ്യം. ഈ കാലയളവിനകം നികിത മുന്‍കൂര്‍ ജാമ്യത്തിനായി കേസ് പരിധിയിലുള്ള ഡല്‍ഹി കോടതിയെ സമീപിക്കണം.

നികിതയെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ ഇരുപത്തി അയ്യായിരം രൂപയുടെ വ്യക്തിഗത ജാമ്യത്തിലും തുല്യ തുകയ്ക്കുള്ള ആള്‍ജാമ്യത്തിലും വിട്ടയ്ക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ജാമ്യം നല്‍കുന്നതിനെതിരെ ഡല്‍ഹി പൊലീസ് ഉയര്‍ത്തിയ വാദഗതികള്‍ തള്ളിയാണ് നടപടി. ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മു്ന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കാനുള്ള അധികാരം മുംബൈ കോടതിക്കില്ലെന്ന വാദവും തള്ളി.

കര്‍ഷക സമരവുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യൂന്‍ബര്‍ഗിന് ട്വീറ്റ് ചെയ്യാന്‍ ടൂള്‍കിറ്റ് ഷെയര്‍ ചെയ്‌തെന്ന കേസിലാണ് മുംബൈയില്‍ അഭിഭാഷകയായ നികിതയ്‌ക്കെതിരെ  അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. നികിത ജേക്കബിനും ശന്തനുവിനും പൊയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്‍ എന്ന ഖലിസ്ഥാന്‍ സംഘടനയുമായി ബന്ധമുണ്ടെന്ന് ഡല്‍ഹി പൊലീസ് നേരത്തെ ആരോപിച്ചിരുന്നു. ഇതേ വാദമാണ് പൊലീസ് കോടതിയിലും ആവര്‍ത്തിച്ചത്. എന്നാല്‍ നികിതയ്ക്കു അക്രമം നടത്താനുള്ള ലഭ്യമുണ്ടായിരുന്നു എന്നു കരുതാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. 

കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് സ്റ്റേഷന്‍ പരിധിക്കു പുറത്ത് താമസിക്കുന്നവര്‍ അറസ്റ്റില്‍നിന്നു സംരക്ഷണം തേടിയാണ് ട്രാന്‍സിറ്റ് ജാമ്യ ഹര്‍ജി നല്‍കുന്നത്. കേസ് പരിധിയില്‍ എത്തി ജാമ്യം എടുക്കുന്നതു വരെയുള്ള സമയത്തേക്കാണ് ട്രാന്‍സിറ്റ് ജാമ്യം അനുവദിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com