വരനെ കണ്ടപ്പോള്‍ കാറിന്റെ സണ്‍റൂഫ് തുറന്ന് വധു നൃത്തമാടി; വിവാഹ ഘോഷയാത്രയ്ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി, ഒരാള്‍ മരിച്ചു (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th February 2021 10:10 PM  |  

Last Updated: 17th February 2021 10:10 PM  |   A+A-   |  

accident

വിവാഹ ഘോഷയാത്രയ്ക്കിടെ വധു നൃത്തം വെയ്ക്കുന്നു

 

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വിവാഹ ഘോഷയാത്രയ്ക്കിടയിലേക്ക് നിയന്ത്രണംവിട്ട് കാര്‍ പാഞ്ഞുകയറി ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആഘോഷ പരിപാടിയില്‍ പങ്കെടുത്ത് വാഹനത്തില്‍ നൃത്തം ചെയ്തിരുന്ന വധു തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വധു സഞ്ചരിച്ചിരുന്ന വാഹനത്തിന് തൊട്ടരികിലൂടെ നിരവധിപ്പേരെ ഇടിച്ചുതെറിപ്പിച്ച് കാര്‍ മുന്നോട്ടുപോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

മുസഫര്‍നഗറില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. കല്യാണവേദിയിലേക്ക് പോകുകയായിരുന്നു വധു. ഈസമയത്ത് ഡെറാഡൂണ്‍ ഹൈവേയില്‍ സമാന്തരമായി വന്ന വരന്റെ ഘോഷയാത്ര വധു കണ്ടു. തുടര്‍ന്ന് സന്തോഷം പങ്കുവെയ്ക്കാന്‍ കാറിന്റെ സണ്‍റൂഫ് തുറന്ന് നൃത്തം വെയ്ക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. വധു നൃത്തം ചെയ്യുന്നത് കണ്ട് വരന്റെ ഭാഗത്ത് നിന്ന് നിരവധിപ്പേര്‍ എത്തി ആഘോഷപരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് കാര്‍ പാഞ്ഞുകയറിയത്.

ഘോഷയാത്രയില്‍ പങ്കെടുത്തിരുന്ന ആളുകളുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറുകയായിരുന്നു. വരന്റെ ബന്ധുവാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ നിരവധിപ്പേരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ ഡ്രൈവര്‍ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. പൊലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചിട്ടുണ്ട്.