15കാരിയുടെ കഴുത്തില്‍ 3.5 കിലോ തൂക്കമുള്ള മുഴ; സങ്കീര്‍ണമായ ശസ്ത്രക്രിയ നടത്തിയത് 21 ഡോക്ടര്‍മാര്‍

കഴുത്തില്‍ നിന്ന് മുഴ നെഞ്ചിലേക്ക് വ്യാപിച്ചിരുന്നതിനാല്‍ ശസ്ത്രക്രിയ സങ്കീര്‍ണമായിരുന്നെന്ന് ഡോക്ടര്‍മാര്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ബംഗളൂരു: 15കാരിയുടെ കഴുത്തില്‍ നിന്ന് 3.5 കിലോഗ്രാം തൂക്കമുള്ള മുഴ നീക്കം ചെയ്തു. ആശുപത്രിയിലെ 21 ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട സംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്. കഴുത്തില്‍ നിന്ന് മുഴ നെഞ്ചിലേക്ക് വ്യാപിച്ചിരുന്നതിനാല്‍ ശസ്ത്രക്രിയ സങ്കീര്‍ണമായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.ബംഗളൂരുവിലെ ആസ്റ്റര്‍ സിഎംഐ ആശുപത്രിയില്‍ വച്ചായിരുന്നു ശസ്ത്രക്രിയ

പത്തുവര്‍ഷത്തിലേറെയായി സുരഭി ബെന്നിനെ ബാധിച്ച ട്യൂമര്‍ ഫൈബ്രോമാറ്റോസിസ് ആണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഇപ്പോള്‍ സുരഭിയുടെ ജീവിതം സാധാരണനിലയിലേക്ക് മാറിയതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ഗുജറാത്തിലെ അമ്രേലി ജില്ലയിലെ നിരാലംബ കുടുംബത്തിലാണ് സുരഭി ജനിച്ചത്. ജനിച്ചപ്പോള്‍ തന്നെ കുട്ടിയുടെ മുഖത്തിനും ചുറ്റും ഉണ്ടായ മുഴ കഴുത്തുവരെ വ്യാപിച്ചിരുന്നു. ഇത് മാതാപിതാക്കളെ പരിഭ്രാന്തരാക്കിയിരുന്നു. നിരവധി ഡോക്ടര്‍മാരെ രക്ഷിതാക്കള്‍ സമീപിച്ചെങ്കിലും മുഴ നീക്കാനാവില്ലെന്നായിരുന്നു ആശുപത്രികളില്‍ നിന്ന് പറഞ്ഞതെന്ന് രക്ഷിതാക്കള്‍ പറയുന്നു. ചികിത്സയ്ക്കായി വലിയ തുക കണ്ടെത്തണമെന്നതിനാല്‍ മുഴ നീക്കം ചെയ്യാനുള്ള ശ്രമം അവര്‍ ഉപേക്ഷിക്കുകയും ചെയ്തു.

കഴുത്തിലെ വലിയ മുഴകാരണം പുറത്തിറങ്ങാന്‍ കഴിയാറുണ്ടായിരുന്നില്ലെന്ന് സുരഭി പറഞ്ഞു. കഴിഞ്ഞ വര്‍ഷം സ്‌കൂളില്‍ നിന്ന് അസൈന്‍മെന്റ് ചെയ്യുന്നതിനിടെയുണ്ടായ കഴുത്തുവേദനയെ തുടര്‍ന്ന് സ്‌കൂളിലേക്ക് പോകുന്നത് താത്കാലികമായി അവസാനിപ്പിച്ചിരുന്നു. എന്നാല്‍ അധ്യാപികയാവാനുള്ള അടങ്ങാത്ത ആഗ്രഹത്തെ തുടര്‍ന്ന് പഠനം പുനരാരംഭിക്കുകയായിരുന്നു.

സുരഭിയെ സഹായിക്കാന്‍ ചില അഭ്യുദയകാംഷികള്‍ രംഗത്തുവന്നതോടെയാണ് കഴുത്തിലെ മുഴ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ കഴിഞ്ഞത്. 70 ലക്ഷം രൂപയാണ് ഇവര്‍ സമാഹരിച്ച് നല്‍കിയത്. ഒരുവര്‍ഷത്തെ നീണ്ട ചികിത്സയ്ക്ക് ശേഷമാണ് ഡോക്ടര്‍മാര്‍ മുഴ നീക്കം ചെയ്തത്. തൊണ്ടയിലുള്ള മൂന്ന് മുഴകള്‍ കഴുത്തിലെ ഞരമ്പുകളുമായി ഇഴചേര്‍ന്നിരിക്കുന്നതിനാല്‍
വളരെ സങ്കീര്‍ണമായ ശസ്ത്രക്രിയയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 6200ലധികം പേരാണ് ആശുപത്രി ചികിത്സയ്ക്കായുള്ള 70 ലക്ഷം രൂപ സമാഹരിച്ച് നല്‍കിയത്. ഇനി പുറത്തിറങ്ങുന്നതില്‍ തനിക്ക് ഒട്ടും ആശങ്കയില്ലെന്നും അയല്‍ക്കാര്‍ക്കൊപ്പം കളിച്ചുനടക്കാന്‍ കഴിയുമെന്നും ആളുകളുടെ കളിയാക്കലുകള്‍ക്ക് വിരാമമായെന്നും സുരഭി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com