അച്ഛന്റെ ഓട്ടോറിക്ഷയില്‍ വന്നിറങ്ങി മിസ് ഇന്ത്യ റണ്ണര്‍ അപ്പ്; വികാരഭരിതരായി മാതാപിതാക്കള്‍ (വീഡിയോ)
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th February 2021 05:35 PM |
Last Updated: 17th February 2021 05:35 PM | A+A A- |

മിസ് ഇന്ത്യ റണ്ണര്‍ അപ്പ് അമ്മയുടെ അനുഗ്രഹം വാങ്ങുന്നു/ സോഷ്യല്‍മീഡിയ ചിത്രം
മുംബൈ:ഓട്ടോറിക്ഷ ഡ്രൈവറുടെ മകള്‍ മിസ് ഇന്ത്യ റണ്ണര്‍ അപ്പായത് രാജ്യം മുഴുവന്‍ ശ്രദ്ധിച്ച ഒന്നാണ്. കഷ്ടപ്പാടുകള്‍ ധീരതയോടെ നേരിട്ട് ആദരവിന്റെ നെറുകയില്‍ എത്തിയ മന്യ സിങ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഇപ്പോള്‍ ലാളിത്യം കൊണ്ടാണ് ജനങ്ങളുടെ ഹൃദയം കീഴടക്കുന്നത്. പൂര്‍വ്വ വിദ്യാലയത്തില്‍ അച്ഛന്‍ ഓടിച്ച ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ മന്യ സിങ്ങിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.
2020 മിസ് ഇന്ത്യ മത്സരത്തിലാണ് മന്യ സിങ് റണ്ണര്‍ അപ്പ് ആയത്. ഓട്ടോറിക്ഷ ഡ്രൈവറുടെ മകള്‍ ഉയരങ്ങള്‍ കീഴടക്കിയത് വലിയ വാര്‍ത്താപ്രാധാന്യമാണ് നേടിയത്. ഇപ്പോള്‍ പൂര്‍വ്വ വിദ്യാലയമായ മുംബൈയിലെ താക്കൂര്‍ കോളജില്‍ മന്യ സിങ് വന്നിറങ്ങിയ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. കോളജ് സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങില്‍ പങ്കെടുക്കാനാണ് മന്യ സിങ് കുടുംബത്തോടൊപ്പം എത്തിയത്.
അച്ഛന്‍ ഓടിക്കുന്ന വാഹനത്തില്‍ അമ്മയ്‌ക്കൊപ്പമാണ് മന്യ കോളജില്‍ എത്തിയത്. മന്യയ്ക്കും കുടുംബത്തിനും കോളജ് ഗംഭീര സ്വീകരണമാണ് നല്‍കിയത്. ജനങ്ങളുടെ ആദരവില്‍ മാതാപിതാക്കള്‍ വികാരഭരിതരായി. ഇവരുടെ കണ്ണുകളില്‍ നിന്ന് ഒഴുകിയ കണ്ണുനീര് മന്യ തുടയ്ക്കുന്നതും മാതാപിതാക്കളുടെ കാലില്‍ തൊട്ട് വണങ്ങുന്നതുമായ ദൃശ്യങ്ങള്‍ നിറഞ്ഞ കയ്യടിയാണ് നേടിയത്.
What an inspirational story!
— Sabita Chanda (@itsmesabita) February 17, 2021
Manya Singh, Miss India 2020 runner-up pic.twitter.com/85JeFXTu0J