കാമുകന്റെ സഹായത്തോടെ 7പേരെ മഴുകൊണ്ട് വെട്ടിക്കൊന്നു; ഷബ്‌നത്ത് തൂക്കുമരത്തിലേക്ക്; സ്വതന്ത്ര ഇന്ത്യയിലാദ്യം
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th February 2021 08:26 PM |
Last Updated: 17th February 2021 08:26 PM | A+A A- |

പ്രതീകാത്മക ചിത്രം
ലക്‌നൗ: സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിതയെ തുക്കിലേറ്റാനുള്ള നടപടി ഉത്തര്‍പ്രദേശിലെ ജയിലില്‍ പുരോഗമിക്കുന്നു.
2008 ഏപ്രിലില്‍ കുടുംബത്തിലെ ഏഴംഗങ്ങളെ കാമുകന്റെ സഹായത്തോടെ കോടാലിക്കു വെട്ടിക്കൊന്ന കേസിലെ പ്രതി ഷബ്‌നത്തിനെയാണു തൂക്കിലേറ്റുന്നത്.
ഉത്തര്‍പ്രദേശിലെ മഥുരയില്‍ സ്ത്രീകളെ തൂക്കിലേറ്റാനുള്ള ഏക ജയിലിലാണ് ശിക്ഷ നടപ്പാക്കുന്നത്. നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റിയ ആരാച്ചാര്‍ പവന്‍ ജല്ലാദ് രണ്ടു തവണ നടപടിക്രമങ്ങള്‍ പരിശോധിച്ചു. ശിക്ഷ നടപ്പാക്കുന്ന തീയതി തീരുമാനിച്ചിട്ടില്ല. ഷബ്‌നത്തിനു മരണ വാറന്റ് പുറപ്പെടുവിച്ചുകഴിഞ്ഞു.
2008 ഏപ്രില്‍ 14ന് രാത്രിയാണ് കേസിനാസ്പദമായ ക്രൂരകൃത്യം അരങ്ങേറിയത്. കാമുകനായ സലിമിനൊപ്പം ചേര്‍ന്ന് ഷബ്‌നം സ്വന്തം മാതാപിതാക്കളെയും രണ്ട് സഹോദരന്മാരെയും സഹോദര ഭാര്യയെയും സഹോദരിയെയും മരുമകനെയും മഴു ഉപയോഗിച്ച് വെട്ടിക്കൊല്ലുകയായിരുന്നു. കുടുംബാംഗങ്ങള്‍ക്കു പാലില്‍ മയക്കുമരുന്നു ചേര്‍ത്തു നല്‍കിയതിനു ശേഷമായിരുന്നു കൊടുംക്രൂരത. സലിമുമായുള്ള പ്രേമബന്ധത്തിനു കുടുംബാംഗങ്ങള്‍ തടസം നിന്നതാണ് കൊലയ്ക്കു കാരണം.
ഷബ്‌നം നിലവില്‍ ബറേലിയിലെ ജയിലിലും സലീം ആഗ്രയിലെ ജയിലിലുമാണ് തടവിലുള്ളത്. എന്നാല്‍ മഥുരയിലെ ജയിലില്‍വെച്ചാകും ഷബ്‌നത്തിന്റെ വധശിക്ഷ നടപ്പാക്കുന്നത്. സംസ്ഥാനത്ത് വനിതകളെ തൂക്കിലേറ്റുന്നത് മഥുരയിലെ ജയിലിലാണ്. 150 വര്‍ഷം മുമ്പ് പണിത ഇവിടെ സ്വാതന്ത്ര്യത്തിന് ശേഷം ഒരാളെ പോലും തൂക്കിലേറ്റിയിട്ടില്ല.
നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റിയ പവന്‍ ജല്ലാദ് തന്നെയാകും ഷബ്‌നത്തെയും തൂക്കിലേറ്റുക. ശിക്ഷ നടപ്പാക്കുന്നതിന് മുന്നോടിയായി പവന്‍ രണ്ട് തവണ മഥുരയിലെ ജയിലിലെത്തി പരിശോധന നടത്തി. ഇദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം കഴുമരത്തിന്റെ ചില ഭാഗങ്ങളില്‍ അറ്റക്കുറ്റപ്പണി നടത്തിയിട്ടുണ്ട്. ബക്‌സറില്‍നിന്നുള്ള കയറും മഥുരയിലെ ജയിലില്‍ എത്തിച്ചു.
മരണ വാറന്റ് പുറപ്പെടുവിക്കുന്നതിന് പിന്നാലെ ഷബ്‌നത്തിന്റെ ശിക്ഷ നടപ്പാക്കുമെന്നാണ് മഥുര ജയില്‍ സീനിയര്‍ സൂപ്രണ്ട് ശൈലേന്ദ്ര കുമാര്‍ വ്യക്തമാക്കി.