രാമക്ഷേത്രത്തിന് പണം ആവശ്യപ്പെട്ട് തന്നെയും ഭീഷണിപ്പെടുത്തി ; വന്നത് സ്ത്രീ അടക്കം മൂന്നുപേരെന്ന് കുമാരസ്വാമി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th February 2021 05:01 PM  |  

Last Updated: 17th February 2021 05:01 PM  |   A+A-   |  

hd kumaraswamy

കുമാരസ്വാമി / ഫയല്‍ ചിത്രം

 

ബംഗലൂരു : അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് പണം ആവശ്യപ്പെട്ട് തന്നെയും ഭീഷണിപ്പെടുത്തിയതായി കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. ഒരു സ്ത്രീ അടക്കം മൂന്നുപേരാണ് പണം ചോദിച്ച് വീട്ടിലെത്തിയത്. എന്തുകൊണ്ട് പണം നല്‍കുന്നില്ലെന്ന് ഇവര്‍ ചോദിച്ചെന്നും കുമാരസ്വാമി പറഞ്ഞു. 

രാജ്യത്തെ പ്രധാന വിഷയമാണ് രാമക്ഷേത്ര നിര്‍മ്മാണം. എന്തുകൊണ്ട് പണം നല്‍കുന്നില്ല എന്നാണ് ആ സ്ത്രീ ഭീഷണിയുടെ സ്വരത്തില്‍ ചോദിച്ചത്. ആരാണ് അവര്‍ ?. ആരാണ് അവരെ പണപ്പിരിവിന് ചുമതലപ്പെടുത്തിയതെന്ന് കുമാരസ്വാമി ചോദിച്ചു. 

രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. ആവശ്യമെന്ന് തോന്നിയാല്‍ സംഭാവന നല്‍കും. ആരാണ് വിവരം നല്‍കുന്നത് ?. ചിലര്‍ ആളുകളെ ഭീഷണിപ്പെടുത്തിയാണ് സംഭാവന വാങ്ങുന്നത്. പിരിക്കുന്ന പണത്തെ സംബന്ധിച്ച് സുതാര്യമായ കണക്കുകളുണ്ടോ എന്നും കുമാരസ്വാമി ചോദിച്ചു. 

അയോധ്യ ക്ഷേത്രനിര്‍മ്മാണത്തിനായി പണം നല്‍കുന്നവരുടെയും അല്ലാത്തവരുടേയും വീടുകള്‍ ആര്‍എസ്എസ് പ്രത്യേകം അടയാളപ്പെടുത്തുന്നതായി കഴിഞ്ഞദിവസം കുമാരസ്വാമി ആരോപിച്ചിരുന്നു. ആര്‍എസ്എസ് നാസികളെപ്പോലെ പെരുമാറുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. കുമാരസ്വാമിയുടെ ആരോപണത്തെ വിശ്വഹിന്ദു പരിഷത്ത് രൂക്ഷമായി വിമര്‍ശിച്ചിരുന്നു.