ഇന്റര്‍നെറ്റില്‍ പോണ്‍ തിരഞ്ഞാല്‍ ഉടന്‍ പൊലീസിനു വിവരം; പുതിയ സംവിധാനവുമായി യുപി സര്‍ക്കാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th February 2021 10:24 AM  |  

Last Updated: 17th February 2021 10:27 AM  |   A+A-   |  

Watch porn at your peril in UP

പ്രതീകാത്മക ചിത്രം

 

ലക്‌നൗ: ആളുകള്‍ ഇന്റര്‍നെറ്റില്‍ പോണ്‍ ഉള്ളടക്കം തെരഞ്ഞാല്‍ ഉടന്‍ പൊലീസിനു വിവരം ലഭിക്കും!  ഉത്തര്‍പ്രദേശിലാണ് സര്‍ക്കാര്‍ ഇത്തരമൊരു പരിപാടിക്കു തുടക്കം കുറിച്ചിരിക്കുന്നത്.

ആളുകളുടെ ഇന്റര്‍നെറ്റ് ഉപയോഗത്തെ നിരീക്ഷിക്കാന്‍ സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ് യോഗി സര്‍ക്കാര്‍. ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ വിവരങ്ങള്‍ വിശകലനം ചെയ്യാനാണ് ഇതെന്ന് സര്‍ക്കാര്‍ പറയുന്നു. 

ആരുടെയെങ്കിലും സെര്‍ച്ചില്‍ പോണ്‍ ഉള്ളടക്കം കണ്ടാല്‍ 'നിരീക്ഷണ ടീം' യുപി വിമന്‍ പവര്‍ലൈന്‍ 1090ല്‍ വിവരം അറിയിക്കും. സെര്‍ച്ച് ചെയ്തയാള്‍ക്കും സന്ദേശം പോവും. വിമന്‍ പവര്‍ ലൈനില്‍ അറിയിക്കുന്നതോടെ പൊലീസിന് ഇയാളെ നിരീക്ഷിക്കാനാവും. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നയാളാണോ എന്നു പൊലീസ് പരിശോധിക്കും. ഇത്തരത്തില്‍ ട്രാക്ക് റെക്കോഡ് ഉള്ളയാളാണെങ്കില്‍ നീക്കങ്ങള്‍ നിരീക്ഷിക്കും.

നിരീക്ഷണ ടീമിന്റെ സന്ദേശം കിട്ടിയാല്‍ സെര്‍ച്ച് ചെയ്തയാളെ ബന്ധപ്പെട്ട് സ്ത്രീകള്‍ക്കെതിരായ കുറ്റങ്ങള്‍ തടയുന്നതിനു നടപടിയെടുക്കാനും പൊലീസിനാവുമെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീകള്‍ക്കെതിരെ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പൊലീസ് ഇത്തരമൊരു മുന്‍കരുതല്‍ എടുക്കുന്നതെന്ന് എഡിജിപി നീരാ റാവത്ത് പറഞ്ഞു. 

പോണ്‍ സെര്‍ച്ച് ചെയ്തയാള്‍ക്ക് നിരീക്ഷണ ടീമില്‍നിന്ന് ബോധവത്കരണ സന്ദേശങ്ങള്‍ അയയ്ക്കാനും സംവിധാനമുണ്ട്.