കുറവുകള്‍ തടസ്സമായില്ല, ഓട്ടിസം ബാധിച്ച 12 കാരി നീന്തിക്കയറിയത് ലോക റെക്കോര്‍ഡിലേക്ക്; അറബിക്കടലില്‍ താണ്ടിയത് 36കിലോമീറ്റര്‍ ( വീഡിയോ) 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th February 2021 03:51 PM  |  

Last Updated: 18th February 2021 03:51 PM  |   A+A-   |  

world record

ലോക റെക്കോര്‍ഡ് നേട്ടത്തിലേക്കുള്ള ജിയാ റായിയുടെ നീന്തല്‍

 

മുംബൈ: നിശ്ചയദാര്‍ഢ്യത്തിന് മുന്‍പില്‍ കുറവുകള്‍ ഒരു തടസ്സമല്ല എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് ഓട്ടിസം ബാധിച്ച 12കാരി. അറബിക്കടലില്‍ 36കിലോമീറ്റര്‍ നീന്തി ജിയാ റായ് കയറിപ്പറ്റിയത് ലോക റെക്കോര്‍ഡിലേക്കാണ്. ഓട്ടിസം സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായാണ് ജിയാ റായ് ഈ ഉദ്യമത്തിന് തയ്യാറായത്.

ബുധനാഴ്ചയാണ് ജിയാ റായ് രാജ്യത്തിന്റെ അഭിമാനമായി മാറിയത്. നീന്തല്‍ക്കാരനായ മദന്‍ റായിയുടെ മകളാണ് ജിയാ റായ്. ബുധനാഴ്ച മുംബൈയിലെ ബാന്ദ്ര- വേര്‍ളി സീ ലിങ്ക് മുതല്‍ ഗേറ്റ് വേ ഓഫ് ഇന്ത്യ വരെയുള്ള 36 കിലോമീറ്റര്‍ ദൂരം എട്ടു മണിക്കൂര്‍ 40 മിനിറ്റ് കൊണ്ടാണ് താണ്ടിയത്. കഴിഞ്ഞ വര്‍ഷം അറബിക്കടലില്‍ തന്നെ 14 കിലോമീറ്റര്‍ ദൂരം നീന്തി 12 കാരി ലോക റെക്കോര്‍ഡ് നേട്ടം കൈവരിച്ചിരുന്നു. ഇതാണ് ഇന്നലെ തിരുത്തിക്കുറിച്ചത്.

നേവി സ്‌കൂളില്‍ അഞ്ചാം ക്ലാസിലാണ് ജിയാ റായ് പഠിക്കുന്നത്. രാവിലെ മൂന്നരയോടെയാണ് 12കാരി നീന്തി തുടങ്ങിയത്. ഉച്ചയ്ക്ക് 12.30 ഓടേയാണ് ചരിത്രനേട്ടത്തിലേക്ക് ജിയാ റായ് നീന്തിയടുത്തത്. ഹര്‍ഷാരവങ്ങളോടെയാണ് തടിച്ചുകൂടിയ ജനക്കൂട്ടം 12കാരിയെ വരവേറ്റത്. ലോകറെക്കോര്‍ഡ് നേട്ടം കൈവരിച്ച ജിയാ റായിയെ ആദരിച്ചു.