തെരുവുനായയുടെ വായില്‍ നിന്ന് കുഞ്ഞിനെ രക്ഷിച്ച് ഹീറോയായി; പൊലീസ് ചോദ്യം ചെയ്തപ്പോള്‍ 'ചെകുത്താന്‍'; കഥ ഇങ്ങനെ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th February 2021 06:20 PM  |  

Last Updated: 18th February 2021 06:20 PM  |   A+A-   |  

Autorickshaw driver booked for abandoned newborn baby

പ്രതീകാത്മക ചിത്രം

 

അഹമ്മദാബാദ്: തെരുവുനായയുടെ വായില്‍ നിന്ന് നവജാതശിശുവിനെ രക്ഷിച്ചു എന്ന് അവകാശവാദം ഉന്നയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരുടെ ഇടയില്‍ ഹീറോയായി മാറിയ ഓട്ടോറിക്ഷ ഡ്രൈവറുടെ കീര്‍ത്തിക്ക് അല്‍പ്പായുസ്. രണ്ടാമത്തെ ഭാര്യയില്‍ ഉണ്ടായ കുട്ടിയുടെ വിവരം ആദ്യ ഭാര്യ അറിയാതിരിക്കാന്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ നുണ പറഞ്ഞതാണെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ഗുജറാത്തിലെ വേജാല്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് തെരുവുനായയുടെ വായില്‍ നിന്ന് നവജാത ശിശുവിനെ രക്ഷിച്ചെന്ന് പറഞ്ഞതിലൂടെ ഓട്ടോറിക്ഷ ഡ്രൈവര്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കുട്ടിയെ രക്ഷിച്ച് കൊണ്ടുവന്നതാണെന്ന് ഓട്ടോറിക്ഷ ഡ്രൈവര്‍ സര്‍ഫുദ്ദീന്‍ ഷെയ്ക്ക് ആദ്യ ഭാര്യയെ പറഞ്ഞ് വിശ്വസിപ്പിച്ചു. തെരുവുനായയുടെ വായില്‍ നിന്ന് രക്ഷിച്ചതാണ് എന്ന ഷെയ്ക്കിന്റെ വാക്കില്‍ ഭാര്യയും മൂത്ത സഹോദരനും വിശ്വസിച്ചതായി പൊലീസ് പറയുന്നു. തുടര്‍ന്ന് കുട്ടിയെ പൊലീസിനെ ഏല്‍പ്പിച്ചു. ആരോഗ്യനില പരിശോധിക്കാന്‍ കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. ഓട്ടോറിക്ഷ ഡ്രൈവറുടെ വാക്കുകളില്‍ പൊരുത്തക്കേട് തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറം ലോകം അറിഞ്ഞത്.

ഷെയ്ക്ക് ഒരു വര്‍ഷം മുന്‍പാണ് വിവാഹം ചെയ്തത്. ഷെയ്ക്കിന് രണ്ടാമത്തെ ഭാര്യയുമായുള്ള ബന്ധം ആദ്യ ഭാര്യ അറിഞ്ഞിരുന്നില്ലെന്ന് പൊലീസ് പറയുന്നു. അതിനിടെയാണ് രണ്ടാമത്തെ ഭാര്യയ്ക്ക് കുഞ്ഞുണ്ടാവുന്നത്. ആദ്യം ഒറ്റപ്പെട്ട സ്ഥലത്ത് കുഞ്ഞിനെ ഉപേക്ഷിക്കാനാണ് തീരുമാനിച്ചത്. കുഞ്ഞിനെ ഉപേക്ഷിക്കാന്‍ പോകുന്നതിനിടെയാണ് കെട്ടിച്ചമച്ച കഥ മെനയാന്‍ ഷെയ്ക്ക് തീരുമാനിച്ചതെന്ന് പൊലീസ് പറയുന്നു. കുട്ടിയുടെ സംരക്ഷണം ഉറപ്പുവരുത്താനാണ് കെട്ടിച്ചമച്ച കഥ മെനഞ്ഞതെന്ന് പൊലീസ് പറയുന്നു. ആരോ ഉപേക്ഷിച്ച നിലയില്‍ കുഞ്ഞിനെ കിട്ടിയെന്ന് പറഞ്ഞ് ബന്ധുക്കളെയും നാട്ടുകാരെയും വിശ്വസിപ്പിക്കാനാണ് ഇയാള്‍ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു.