സൈക്കിള്‍ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു; പത്തുകിലോ മീറ്റര്‍ സഞ്ചരിച്ചപ്പോള്‍ 'വിന്‍ഡോയില്‍ കൈ'; യുവാവിന്റെ മരണത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th February 2021 08:28 PM |
Last Updated: 18th February 2021 08:28 PM | A+A A- |

പ്രതീകാത്മക ചിത്രം
ചണ്ഡീഗഡ്; സൈക്കിള്‍ യാത്രക്കാരനെ വാഹനം ഇടിച്ച് മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുകളിലേക്ക് ഇയാള്‍ തെറിച്ച് വീഴുകയായിരുന്നു. ഇതറിയാതെ പത്തുകിലോമീറ്റര്‍ സഞ്ചരിച്ച ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് ഡ്രൈവര്‍ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പഞ്ചാബിലെ മൊഹാലിയിലാണ് സംഭവം.
ബുധനാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം. നിര്‍മ്മല്‍ സിങ് എന്നയാള്‍ സിറക്പൂരില്‍ നിന്ന് ഖമാനോ എന്നയിടത്തേക്ക് പോകുകയായിരുന്നു. രാവിലെ ആറരയോടെ എയര്‍പോര്‍ട്ട് റോഡിന് സമീപത്തുവച്ച് 35കാരനായ ദുരീന്ദര്‍ മണ്ഡല്‍ എന്ന സൈക്കിള്‍ യാത്രക്കാരനെ ഇടിക്കുകയായിരുന്നു.
അപകടത്തിന് ശേഷം വാഹനം നിര്‍ത്താതെ ഇയാള്‍ ഓടിച്ചുപോയി. വാഹനം ഏറെ ദുരം മുന്നോട്ടുപോയി ഒരു വളവില്‍ എത്തിയപ്പോള്‍ റൂഫില്‍ നിന്നും ഒരു കൈ കാണാനിടയായി. തുടര്‍ന്ന് വാഹനം നിര്‍ത്തി നോക്കിയപ്പോള്‍ അപകടത്തില്‍പ്പെട്ട ആള്‍ മരിച്ചിരുന്നു. നഗരത്തിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.
മൃതദേഹം കണ്ട നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് സിസി ടിവിയുടെ സഹായത്തോടെ പൊലീസ് വാഹനം തിരിച്ചറിഞ്ഞു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു