മൂന്നു ദിവസം ഭാര്യയ്‌ക്കൊപ്പം, മൂന്നു ദിവസം കാമുകിയുടെ കൂടെ; ഒരു ദിവസം ഓഫ്!, വിചിത്ര പരിഹാരം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th February 2021 10:15 AM  |  

Last Updated: 18th February 2021 10:15 AM  |   A+A-   |  

couple image

പ്രതീകാത്മക ചിത്രം

 

റാഞ്ചി: ആഴ്ചയില്‍ മൂന്നു ദിവസം ഭാര്യയ്‌ക്കൊപ്പം കഴിയണം, മൂന്നു ദിവസം കാമുകിക്കൊപ്പം. ഒരു ദിവസം ഓഫ് എടുക്കാം! 'അവിഹിത' തര്‍ക്കത്തില്‍ ഝാര്‍ഖണ്ഡ് പൊലീസ് കണ്ടെത്തിയ വിചിത്ര പരിഹാരമാണിത്. തര്‍ക്കത്തില്‍ ഉള്‍പ്പെട്ട മൂന്നു പേരും പൊലീസിന്റെ നിര്‍ദേശം അംഗീകരിച്ച് കരാര്‍ ഒപ്പുവയ്ക്കുകയും ചെയ്തു.

റാഞ്ചിയിലെ കോകാര്‍ തിരില്‍ റോഡില്‍ താമസിക്കുന്ന രാജേഷ് മഹാതോയാണ് തര്‍ക്കത്തിന്റെ കേന്ദ്ര ബിന്ദു. വിവാഹിതനെങ്കിലും അതു മറച്ചുവച്ച് മറ്റൊരു പെണ്‍കുട്ടിയുമായി മഹാതോ പ്രണയത്തിലായി. പ്രണയം മൂത്തപ്പോള്‍ ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകിക്കൊപ്പം പോവുകയും ചെയ്തു.

ഭര്‍ത്താവിനെ കാണാനില്ലെന്നു കാണിച്ച് മഹാതോയുടെ ഭാര്യ പൊലീസില്‍ പരാതി നല്‍കി. മകളെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് കാമുകിയുടെ ബന്ധുക്കളും പൊലിസിനു മുന്നിലെത്തി. അന്വേഷണത്തിനൊടുവില്‍ പൊലീസ് മഹാതോയെ കണ്ടെത്തി. അപ്പോഴേക്കും മഹാതോയും കാമുകിയും വിവാഹിതരായിരുന്നു.

സ്റ്റേഷനില്‍ വച്ച് ഭാര്യയും കാമുകിയും തമ്മില്‍ പൊരിഞ്ഞ പോരില്‍ എത്തിയപ്പോഴാണ് പൊലീസ് വിചിത്രമായ പരിഹാര നിര്‍ദേശം മുന്നോട്ടുവച്ചതെന്ന് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്നു ദിവസം ഭാര്യയ്‌ക്കൊപ്പം കഴിയണം, മൂന്നു ദിവസം കാമുകിക്കൊപ്പവും. ഒരു ദിവസം മഹാതോയ്ക്ക് ഓഫ് എടുക്കാം. എന്തായാലും മഹാതോയും ഭാര്യയും കാമുകിയും പൊലീസ് നിര്‍ദേശം അംഗീകരിച്ചു. ഇക്കാര്യം കരാറാക്കി ഒപ്പുവയ്ക്കുകയും ചെയ്തു.

എന്നാല്‍ കഥ അവിടെയും തീര്‍ന്നില്ല. ഏതാനും ദിവസത്തിനു ശേഷം വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് കാമുകി മഹാതോയ്‌ക്കെതിരെ പരാതി നല്‍കി. ഇതില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അറസ്റ്റ് വാറണ്ട് വന്നതോടെ മഹാതോ ഇപ്പോള്‍ ഒളിവിലാണെ്ന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.